ആഗോളതാപനം ഇന്നൊരു പഴങ്കഥയാണ്. ഭൂമി തിളച്ചുമറിയുകയാണിന്ന്. എത്ര കാലം ഇങ്ങനെ തുടരും എന്നതിന് ഒരു നിശ്ചയവുമില്ല. സുരക്ഷിത ഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റ ശ്രമങ്ങള് വികസിത രാജ്യങ്ങള് തുടങ്ങിക്കഴിഞ്ഞു. എന്നാല് ഈ വികസിത രാജ്യങ്ങളാണ് ഭൂമിയുടെ അകാലമൃത്യുവിന് കാരണം. അമിതമായ ഉപഭോഗം താളംതെറ്റിയ ഋതുപരിണാമങ്ങള്ക്ക് ഹേതുവായി. ലോകം ഒരു കുടുംബം ആണെന്ന പരിഗണന ആര്ക്കുമില്ലാതെയായി. താന് നിരന്തരം ചെയ്യുന്ന കര്മങ്ങള് മറ്റുള്ളവരുടെ ജീവന് അപകടമാണെന്ന് ആരും ചിന്തിച്ചില്ല. സ്വന്തം സുഖം മാത്രം ലക്ഷ്യം. രാജ്യാന്തര നിയമങ്ങള് പ്രശ്നപരിഹാരത്തിന് പ്രാപ്തമല്ല. മാത്രമല്ല, നിയമലംഘകര് ശക്തരും ഭരണകര്ത്താക്കളുമാണ്. ഭൂമിയുടെ മരണം ആസന്നമാണ്. സൗരമണ്ഡല പെരുവഴിയില് മാനഭംഗത്തിന്റെ മാറാപ്പും സന്താനപാപത്തിന്റെ വിഴുപ്പും മനസ്സില് തീവ്രവേദനയുമായി ഉരുകിത്തിളച്ചസ്തമിക്കുന്ന ഭൂമി, അതോടൊപ്പം അതിലെ ശതകോടി ജീവജാലങ്ങളും. എന്റെ മതില്ക്കെട്ട്, അതിനുള്ളിലെ സര്വാധികാരി ഞാന് എന്ന മനോഭാവമാണ് എല്ലാ മനുഷ്യര്ക്കും. എല്ലാത്തരം നിയമലംഘനങ്ങളും അയല്ക്കാരനെ ബാധിക്കും എന്ന തിരിച്ചറിവ് ആര്ക്കുമില്ല. മാലിന്യം വലിച്ചെറിയുന്നതുമുതല് കെട്ടിടനിര്മാണ ചട്ടങ്ങള് നിര്ലജ്ജം ലംഘിക്കുന്നതുവരെ സമൂഹത്തോടും പരിസ്ഥിതിയോടും ചെയ്യുന്ന അങ്ങേയറ്റത്തെ അപരാധമാണ്. അതുകൊണ്ടുതന്നെ നിയമലംഘനം തടയേണ്ടത് അയല്ക്കാരുടെ ആവശ്യമാണ്. അതിന് നിയമത്തെക്കുറിച്ചും അതിന്റെ ലംഘനം കൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും സമൂഹം ബോധവാന്മാരാകണം. ഈ ബോധവല്ക്കരണത്തിലൂടെ അവരെ സമരസജ്ജരാക്കേണ്ട ബാധ്യത നമ്മുടേതുമാണ്.