പുത്തന്‍ സാങ്കേതികവിദ്യകളുടെ കടന്നുവരവ് നിര്‍മ്മാണരംഗത്തെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും ഏറെ വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രീ ഫാബ്രിക്കേഷന്‍, മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍, ബിം (ആകങ) സാങ്കേതികവിദ്യ എന്നിവയെല്ലാം വര്‍ക്ക് സൈറ്റിലെത്തുന്നതിനു മുമ്പുതന്നെ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. നമ്മുടെ നാട്ടില്‍ മാസങ്ങള്‍കൊണ്ടു മാത്രം തീരുന്ന വീടുപണി വിദേശരാജ്യങ്ങളില്‍ ദിവസങ്ങള്‍ കൊണ്ടു തീരുന്ന, വളരെ കുറച്ചു തൊഴിലാളികള്‍ മാത്രം ആവശ്യമായ ഒരു നിസ്സാര ജോലിയാകുന്നത് മേല്‍പ്പറഞ്ഞ സാങ്കേതിക മുന്നേറ്റങ്ങളെ അവര്‍ കയ്യയച്ചു സ്വാഗതം ചെയ്തുകഴിഞ്ഞതു കൊണ്ടാണ്. വര്‍ഷങ്ങള്‍ നീളുന്നതാണ് നമ്മുടെ നാട്ടിലെ പാലം പണിയും റോഡു പണിയുമെല്ലാം. ചൈനയിലും മറ്റും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ഇവ സാധിക്കുന്നത്! പ്രീഫാബ് സംഗതികളില്‍ വിശ്വാസമില്ലെന്നു മാത്രമല്ല, പണി നടക്കുന്ന സൈറ്റില്‍ വേണ്ട ഗുണനിലവാരമുറപ്പാക്കാന്‍ കഴിയാതെ പോകുന്നതു കൊണ്ടാണല്ലോ സിമന്റും കമ്പിയൊന്നുമില്ലാതെയും പാലങ്ങളും മറ്റും പണിതീര്‍ത്ത് നോക്കുകുത്തികളായി ഇവിടെ ഉയര്‍ന്നു നില്‍ക്കുന്നത്!
ത്രീഡി പ്രിന്റിങ്, റോബോട്ടിക്സ്, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സ്വാധീനം ശക്തമാകുന്നതോടെ സമീപഭാവിയില്‍ തന്നെ നമ്മുടെ പണിയിടങ്ങളില്‍ മനുഷ്യസാന്നിധ്യം കുറഞ്ഞു വരുമെന്നത് നാം മുന്‍കൂട്ടി കാണണം. ആര്‍ക്കിടെക്ചറല്‍ ഡിസൈനില്‍ മാത്രമല്ല ആധുനിക സാങ്കേതികവിദ്യകളുടെ ഉദയം മൂലമുള്ള സ്വാധീനം പ്രൊഡക്റ്റ് ഡിസൈനിലും പ്രകടമാണ്. ഗുണമേന്മയിലും ഈടിലും പാരിസ്ഥിതിക പ്രതിബദ്ധതയിലും മികച്ചു നില്ക്കുന്ന, ഒരു ദശകം മുമ്പ് നിര്‍മ്മാണരംഗം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത തരം ഉല്‍പ്പന്നങ്ങളാണ് ഇന്നിവിടെയുള്ളത്. ആര്‍ക്കിടെക്റ്റിനു മുന്നില്‍ അനന്ത സാധ്യതകള്‍ തുറന്നിട്ടു കൊടുക്കുകയും ഗുണനിലവാരമുള്ള നിര്‍മ്മാണം എന്ന വെല്ലുവിളി അനായാസമായി ഏറ്റെടുക്കാന്‍ പര്യാപ്തമാക്കുകയും ചെയ്യുന്ന സൃഷ്ടികള്‍! വിപ്ലവകരമായ മാറ്റത്തിന്റെ കൊടുങ്കാറ്റുകള്‍ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും. ആ വരവ് മുന്‍കൂട്ടിയറിഞ്ഞാല്‍ അവയെ നമുക്കു മുതലാക്കാം. അല്ലെങ്കില്‍ അവ നമ്മെ കടന്നു പോകും. നാം അടി പറ്റിയെന്നും വരാം. അതുകൊണ്ട് പുതുവര്‍ഷത്തില്‍ പുതുമകള്‍ക്ക് സ്വാഗതം പറയാം, നമുക്ക്.