Last Updated: July 04, 2023
കെ എം ബി റൂള്‍ 2019:ആര്‍ക്കിടെക്ചര്‍ മേഖലയിലെ വെല്ലുവിളികള്‍

കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യത്തിന് സ്ഥലമില്ലാത്തതിന്‍റെ ദുരിതം, നാം പുറത്തിറങ്ങുമ്പോള്‍ സദാ അനുഭവിക്കുന്നുണ്ട്. ഈ വിഷയം മുന്നില്‍ കണ്ട്, സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി എടുത്ത നടപടിയാണ് പുതിയ കെട്ടിടങ്ങളില്‍ ആവശ്യത്തിന് പാര്‍ക്കിങ് സംവിധാനം വേണമെന്ന കേരള മുന്‍സിപ്പാലിറ്റി ബില്‍ഡിങ് റൂളിലെ നിര്‍ദേശം. കാര്‍ പാര്‍ക്കിങ് സ്പേസ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കൊമേസ്യല്‍ പ്രോജക്റ്റുകളുടെ കാര്യത്തില്‍ ഈ വ്യവസ്ഥ സ്വാഗതാര്‍ഹം തന്നെ. അതേ സമയം, ഹോസ്റ്റലുകള്‍, ഓള്‍ഡ് ഏജ് ഹോമുകള്‍ എന്നിവയുടെ കാര്യത്തില്‍ ഇത് വിപരീത ഫലമാകും ഉണ്ടാക്കുക. ഈ പ്രോജക്റ്റുകളും കെ എം ബി റൂളിന്‍റെ എ2 വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍, പുതിയ പാര്‍ക്കിങ് നിബന്ധനകള്‍ ഈ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുമ്പോളും ബാധകമാക്കുന്നു എന്നതാണ് ഇതിനു കാരണം. കൂടുതല്‍ വിശദമാക്കിയാല്‍, 360 പേരെ ഉള്‍ക്കൊള്ളാവുന്ന, 120 മുറിയുള്ള ഒരു ലേഡീസ് ഹോസ്റ്റല്‍ പണിയുമ്പോള്‍, ഇത്രയും പേര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊളളിക്കുകയെന്ന വലിയ വെല്ലുവിളിയാണുള്ളത്. പ്രോജക്റ്റ് മികവാറും വിദ്യാഭ്യാസ സ്ഥാപന സമുച്ചയത്തിനുള്ളിലായിരിക്കും. പുതിയ റൂള്‍ അനുസരിച്ച്, ഏകദേശം 7500 സ്ക്വയര്‍ മീറ്റര്‍ ബില്‍റ്റപ്പ് ഏരിയ വരുന്ന പ്രോജക്റ്റില്‍, 150 പാര്‍ക്കിങ് സ്പേസ് വേണം. (ഇതേ സ്പേസിനകത്ത് 25 ശതമാനം ഏരിയ ടൂ വീലര്‍ പാര്‍ക്കിങ്ങിനാണ്). പ്രോജക്റ്റില്‍ സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് പാര്‍ക്കിങ് സ്പേസ് കൂട്ടേണ്ടിയും വരും. ഹോസ്റ്റല്‍ ബില്‍ഡിങ്ങിനു ചുറ്റുമുള്ള ഓപ്പണ്‍ ഏരിയ ലാന്‍ഡ്സ്കേപ്പ് ചെയ്ത് ആകര്‍ഷമാക്കുകയും കളിസ്ഥലങ്ങള്‍ക്കായി നീക്കിവയ്ക്കുകയുമാണ് പതിവ്. എന്നാല്‍ ഇവിടെ കാര്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഒഴിച്ചിടുന്നതോടെ കുറച്ചു കാറുകള്‍ മാത്രം പാര്‍ക്ക് ചെയ്യേണ്ട ആവശ്യമുള്ള ലേഡീസ് ഹോസ്റ്റലിലെ അവശേഷിക്കുന്ന ഔട്ട്ഡോര്‍ സ്പേസ് ഒരു പ്രയോജനവും ഇല്ലാത്തതായി മാറുന്നു.

ടോയ്ലറ്റുകളുടെ എണ്ണം നിര്‍ണയിക്കുന്നതാണ് മറ്റൊരു കീറാമുട്ടി. നേരത്തെ പറഞ്ഞ 120 ഹോസ്റ്റല്‍ മുറികളുടെ കാര്യം തന്നെയെടുക്കാം. കെ എം ബി ആര്‍ അനുസരിച്ച്, എട്ടു പേര്‍ക്ക് ഒരു വാട്ടര്‍ ക്ലോസറ്റ് എന്നതാണ് കണക്ക്. 360 പേര്‍ക്ക് വേണ്ടിയുള്ളൊരു സ്പേസാണ് ഡിസൈന്‍ ചെയ്യുന്നത്. എന്നാല്‍ ഒരാള്‍ക്ക് കിട്ടേണ്ട സ്പേസ് നിര്‍ണയിക്കുമ്പോള്‍ 5.9 സ്ക്വയര്‍മീറ്റര്‍ ബില്‍റ്റപ്പ് ഏരിയയാണ് മാറ്റി വെക്കേണ്ടതെന്നും റൂള്‍ (Rule 34 Table 13) പറയുന്നു. ഡൈനിങ് ഏരിയ, സ്റ്റഡി റൂം, കിച്ചന്‍ ഏരിയ ഇതോടൊപ്പം ടോയ്ലറ്റ് ഏരിയയും ഈ ബില്‍റ്റപ്പ് ഏരിയയില്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് വിചിത്രം. ഇങ്ങനെ നോക്കുമ്പോള്‍, 7500 സ്ക്വയര്‍ മീറ്ററില്‍ ഏകദേശം 1270 പേരെ ഉള്‍ക്കൊള്ളാം. ഇത് അസംബന്ധമാണ്. 360 പേര്‍ക്കു വേണ്ടി പ്ലാന്‍ ചെയ്ത ഹോസ്റ്റലില്‍ ഒരിക്കലും 1270 പെരെ ഉള്‍ക്കൊള്ളാനാവില്ല. ഇങ്ങനെ ഉള്‍ക്കൊള്ളിച്ചാലും വാട്ടര്‍ ക്ലോസറ്റ് 159 എണ്ണവും, കൂടാതെ എല്ലാ റൂമുകള്‍ക്കും അറ്റാച്ച്ഡ് ടോയ്ലറ്റുകളും നല്‍കിയാലും 39 വാട്ടര്‍ ക്ലോസറ്റുകളുടെ കുറവുണ്ടാകും. ബാത് ഏരിയകളുടെയും വാഷ് ബേസിനുകളുടെയും കണക്കിലും ഇതേ പ്രശ്നം ഉണ്ട്. 360 പേരുടെ കാര്യത്തില്‍ എട്ടു പേര്‍ക്ക് ഒരു വാട്ടര്‍ ക്ലോസറ്റ് എന്ന കണക്കിന് 45 ടോയ്ലറ്റുകള്‍ മാത്രം പണിയേണ്ട സ്ഥാനത്താണ് ഒരാള്‍ക്ക് 5.9 സക്വയര്‍ മീറ്റര്‍ എന്ന കണക്കു കൂടി വരുന്നത് ആശയകുഴപ്പമുണ്ടാക്കുന്നത്.

ഉത്തരവാദിത്വപ്പെട്ടവരുടെ കണ്ണു തുറപ്പിക്കാനുള്ള ഏതാനും ഉദാഹരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. മതിയായ ന്യായമില്ലാതെ, വിവിധ ബില്‍ഡിങ് വിഭാഗങ്ങള്‍ പൊതുവായി വര്‍ഗ്ഗീകരിച്ചാല്‍, ഒരിക്കലും പരിഹരിക്കാനാവാത്ത നഷ്ടവും വിഭവങ്ങളുടെ പാഴ്ചെലവുമായിരിക്കും പരിണിതഫലം. വിഭവങ്ങളുടെ മിതത്വത്തിലൂടെ പരമാവധി നിര്‍മ്മാണമെന്ന അടിസ്ഥാന തത്വത്തിന് പകരം, വിഭവങ്ങള്‍ ധൂര്‍ത്തടിച്ചുള്ള നിര്‍മ്മാണത്തിന് പ്രോജക്റ്റ് പണിയുന്നവര്‍ നിര്‍ബന്ധിതരാകും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

- സന്തോഷ് പോള്‍ (ആര്‍ക്കിടെക്റ്റ്)

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.