Last Updated: November 02, 2023
Current affairs / Dr.Manoj Kumar Kini / November 02, 2023
ഡിസൈന്‍ സാക്ഷരതയുടെ ലോകം

മാറുന്ന ലോകം, വെല്ലുവിളികള്‍, ഈ സാഹചര്യത്തില്‍ മനുഷ്യ നിലനില്‍പ്പിന്, പുനര്‍ വിചിന്തനവും അതിലൂടെ ഉരുത്തിരിയുന്ന അഴിച്ചു പണിയലും അനിവാര്യമാണ്. എഞ്ചിനീയറിങ്, ഡിസൈന്‍, നൂതനാശയങ്ങള്‍ എന്നിവയെല്ലാം കൊണ്ട് വിപുലമായ നിര്‍മ്മാണ മേഖലയ്ക്ക് സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള ശേഷി കൂടുതലാണ്. സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന ശ്രീനാരായണ ഗുരു, ഉച്ചനീചത്വങ്ങളില്‍ നിന്നും സ്വതന്ത്ര മനുഷ്യത്വം എന്ന തത്വചിന്ത പകര്‍ന്ന്, സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തി. പുരോഗതിയെ പിന്നോട്ടു നടത്തിയ ഘടകങ്ങള്‍ തട്ടിമാറ്റേണ്ടത്, അന്നത്തെ അനിവാര്യതയായിരുന്നു. അതു പോലെ തന്നെ, ചില മാറ്റങ്ങള്‍ക്കായിനി വൈകി കൂടാ.

കേരളത്തിലുണ്ടാകുന്ന പരിസ്ഥിതി ദുരന്തങ്ങള്‍, ഓര്‍മപ്പെടുത്തലുകളാണ്. പശ്ചിമഘട്ടത്തിന്‍റെ പരിസ്ഥിതി ദുര്‍ബലാവസ്ഥ വിവരിക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, യുനസ്കോയുടെ പഠനം എന്നിവയെല്ലാം, മനുഷ്യന്‍റെ പ്രവൃത്തികള്‍ പ്രകൃതിയെ എത്രകണ്ട്, മുറിപ്പെടുത്തിയെന്നു വ്യക്തമാക്കുന്നു. ആസൂത്രണം ഇല്ലാതെയുള്ള വികസനം നോക്കിയാല്‍, മലിനീകരണത്തിന്‍റെ വലിയൊരു സ്രോതസ് തന്നെ കെട്ടിട നിര്‍മ്മാണ വ്യവസായമാണ്. ഇത് പ്രകൃതിയ്ക്കുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള കാലാവസ്ഥാ മാറ്റം പരിസ്ഥിതിയ്ക്കും ജീവനും ഭീഷണിയാകുന്ന കാഴ്ചയാണെങ്ങും. ആരോഗ്യം, ശുദ്ധ വായു, ശുദ്ധ വെള്ളം, പോഷകാഹാരം, സുരക്ഷിതമായ താമസയിടം, ലോകാരോഗ്യ സംഘടന അനുസരിച്ച്, പതിറ്റാണ്ടുകളായി ആര്‍ജ്ജിച്ച ആഗോള ആരോഗ്യ നേട്ടങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ പോന്നതാണിത്. അസഹനീയമായ ചൂടും, കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും പകര്‍ച്ച വ്യാധികളുമെല്ലാം കേരളത്തിലെ അവസ്ഥ മോശമാക്കിയതായി കാണാം. നഗരവത്കണം വ്യാപകമായതോടെ,കാര്‍ഷിക മേഖലയില്‍ നിന്ന,് ഉപഭോഗ സംസ്ഥാനമായി നാം മാറി. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍, കൃത്യമായ അവബോധത്തോടെയുള്ള മാറ്റം എല്ലാം മേഖലയിലും നടപ്പാക്കിയാലേ, ഭേദപ്പെട്ട ഭാവി സാധ്യമാകുകയുള്ളു.

തീവ്ര നഗരവത്കരണത്തിന്‍റെ സൃഷ്ടിയായ ചഞ്ചല സാഹചര്യങ്ങളും പ്രകൃതി ദുരന്തങ്ങളുമെല്ലാം ആവശ്യപ്പെടുന്നത്, നൂതന സാങ്കേതികതയും നിര്‍മ്മാണ വസ്തുക്കളും ഡിസൈന്‍ പരീക്ഷണങ്ങളുമൊക്കെയാണ്. ആസൂത്രിതമല്ലാത്ത വികസനം കാരണമുള്ള പരിസ്ഥിതി മലിനീകരണം ജീവന് തന്നെ ഭീഷണിയാണ്. അങ്ങനെയെങ്കില്‍ പുനര്‍ വിചിന്തനം ആദ്യം നടക്കേണ്ടത് നിര്‍മ്മാണ മേഖലയിലാണ്. പരമ്പരാഗത നിര്‍മ്മാണ രീതികള്‍ കാലഹരണപ്പെട്ടു. കൂട്ടുകുടുംബങ്ങള്‍ അണു കുടുംബങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ താമസയിടങ്ങള്‍ പെരുകി. എന്നാല്‍ നിര്‍മ്മാണ രീതികളും മെറ്റീരിയലുകളുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലേതും. നല്ല ഡിസൈന്‍ ആശയങ്ങള്‍ക്ക് ഈ ലോകത്തെ മെച്ചപ്പെട്ട ഇടമാക്കാനാകും.

സാമൂഹിക സാമ്പത്തിക, പാരിസ്ഥിതിക മേഖലയെ ഒന്നായി കണ്ടുള്ള സമഗ്ര മാറ്റമാണ് അഭികാമ്യം. ഡിസൈന്‍ ആശയങ്ങള്‍ക്കും പുറമേ ആളുകളില്‍ അവബോധം ഉണ്ടാക്കണം. ജനം മാറി ചിന്തിക്കുന്നില്ലെങ്കില്‍ പ്രകൃതിക്കു നേരെയുള്ള കടന്നുകയറ്റം തുടരും. ഖനനം, പുനരുപയോഗിക്കാനാവത്ത വസ്തുകളുടെ ഉപയോഗം, എന്നിവയെല്ലാം മാറണം. വീട് നിങ്ങളുടെ മനസിന്‍റെ തന്നെ പ്രതിഫലനമാണെന്ന് പറഞ്ഞത്, യു എസ് എഴുത്തുകാരനായ ലൂയീസ് എല്‍ ഹേയാണ്. വീടുകള്‍ സ്റ്റാറ്റസ് സിംബല്‍ ആകുമ്പോള്‍ ആത്മ പരിശോധന ആവശ്യമാണ്. എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഇവിടെയുണ്ട്, എന്നാല്‍ അത്യാഗ്രഹം തീര്‍ക്കാനുള്ളതില്ല - എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളും പ്രസക്തമാണ്. വിഭവങ്ങളുടെ പുനരുപയോഗമാണ് ഏറെ പ്രധാനം. കാലഹരണപ്പെട്ട പഠനങ്ങളും വ്യാഖ്യാനങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന നിര്‍മ്മാണങ്ങളുടെ സ്ഥാനത്ത്, പുതിയ പഠനങ്ങളും വ്യാഖ്യാനങ്ങളും വേണം.

എന്നാല്‍, അനശ്ചിതത്വ ഭയം കൊണ്ട്, പുതിയ രീതികളെ സ്വീകരിക്കാനുള്ള ഭയം സമൂഹത്തിനെപ്പോഴുമുണ്ട്. എങ്കിലും 2018-ലെ പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസത്തിന്‍റെ ഭാഗമായുള്ള ഇഅഞഋ കേരള ഹൗസിങ് പ്രൊജക്റ്റില്‍, ബദല്‍ മെറ്റീരിയലുകളും ഡിസൈന്‍ പരീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ച് രൂപകല്‍പന ചെയ്ത വീടുകള്‍ക്ക് ഏറെ സ്വീകാര്യത കിട്ടിയിരുന്നു. ഇതു പോലെയുള്ള പരീക്ഷണങ്ങളും അതിലൂടെയുള്ള പരിവര്‍ത്തനങ്ങളും തുടരേണ്ടതാണ്. അവസരങ്ങള്‍ ഉപയോഗിക്കുക. വെല്ലുവിളികളെ പുതിയ സാധ്യതകളാക്കുക. വീണ്ടും ശ്രീനാരായണ ഗുരുവിലേക്ക് വരാം. 'സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം', എന്ന സ്വപ്നത്തിലേക്ക്, നല്ല ഭാവിയിലേക്ക്, വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടി, ഓരോ സാധ്യതയും അവസരമാക്കാം. ഇത്തരത്തില്‍, നല്ലൊരു ലോകസൃഷ്ടിക്കായുള്ള പുനര്‍ വിചിന്തനവും അങ്ങനെ, നിര്‍മ്മാണ മേഖലയില്‍ മാറ്റവും ഉണ്ടായാല്‍ അതൊരു കുതിച്ചു ചാട്ടം തന്നെയായിരിക്കും.

- ഡോ. മനോജ് കുമാര്‍ കിണി

Newsletter

Subscribe our latest news/publications.

www.designerpublications.com
Channel Designer Publications

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.