Last Updated: December 27, 2025
ഒന്നും ചെയ്യാതിരുന്നെങ്കില്‍!

ആശുപത്രി ജീവനക്കാരൻ്റെ നിഷ്ക്രിയതയ്ക്ക് നന്ദി പറയുന്ന ടെലിവിഷന്‍ പരസ്യമാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവ് കാണുമ്പോഴൊക്കെ എൻ്റെ മനസ്സില്‍ തെളിയുന്നത്. കാര്യ നിര്‍വഹണം ശുഷ്കാന്തിയോടെ ആയിരുന്നുവെങ്കില്‍ മൃതനെന്ന് പ്രഖ്യാപിക്കപ്പെട്ടയാള്‍ ജീവനോടെ മോര്‍ച്വറിയില്‍ ആകുമായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സത്യന്‍ സിനിമയിലും പഴയ എറണാകുളം വാസികളുടെ ഓര്‍മയിലും നിലനില്‍ക്കുന്ന ഒന്നാണ് ഷണ്‍മുഖം റോഡിലെ പൊളിച്ചുമാറ്റപ്പെട്ട പാരപ്പറ്റ്. സുഹൃദ്സംഗമങ്ങള്‍ക്കും സര്‍ഗാത്മകതയുടെ കൂടിച്ചേരലുകള്‍ക്കും വേദിയായിരുന്നു നെടുനീളത്തിലുള്ള ആ പാരപ്പറ്റ്. മേനകയില്‍നിന്നുള്ള ഉച്ചഭാഷിണിപ്പാട്ടും കായല്‍ക്കാറ്റും ഇറക്കത്ത് മൂപ്പന്‍െറ കടയിലെ വാഴയിലയില്‍ പൊതിഞ്ഞ് നെയ്യില്‍ വറുത്ത പഴംപൊരിയും മറൈന്‍ ഡ്രൈവ് വന്നതോടെ നഗരാതുരതയായി മാറി. ജെറി അമല്‍ദേവിനെ പാട്ട് പഠിപ്പിച്ച ഉച്ചഭാഷിണിയായിരുന്നു അത്.

പാരപ്പറ്റ് പൊളിച്ച് കായല്‍ നികത്തി മറൈന്‍ ഡ്രൈവിനു രൂപം കൊടുത്തപ്പോള്‍ അഴിമുഖത്തെ അസ്തമയ സൂര്യന്‍ കാണാപ്പുറത്താവുകയായിരുന്നു. ചാള്‍സ് കൊറയ എന്ന വിഖ്യാതനായ ആര്‍ക്കിടെക്റ്റുമായി മത്സരിച്ചാണ് കുല്‍ദീപ് സിങ് മറൈന്‍ ഡ്രൈവിന്‍െറ കണ്‍സല്‍ട്ടന്‍സി കരാര്‍ നേടിയത്. കായല്‍ നികത്തരുതെന്നും നികത്തിയത് പൊതുഇടമായി സൂക്ഷിക്കണമെന്നുമായിരുന്നു കൊറയയുടെ നിര്‍ദേശം. മൗനം വാചാലമാകുന്നതുപോലെയും കേള്‍ക്കാത്ത പാട്ട് കേട്ടതിനേക്കാള്‍ മധുരമുള്ളതാകുന്നതുപോലെയും ഒന്നും നിര്‍മിക്കാതിരിക്കുന്നത് ചിലപ്പോള്‍ നല്ല നിര്‍മാണപ്രവര്‍ത്തനമാകും. പട്ടണത്തിൻ്റെ പടിഞ്ഞാറന്‍ മുഖം അടച്ചുകെട്ടാനുള്ള കുല്‍ദീപ് സിങ്ങിൻ്റെ നിര്‍ദേശമാണ് അന്ന് സ്വീകരിക്കപ്പെട്ടത്. പടിഞ്ഞാറന്‍ കാറ്റും കാഴ്ചയും പട്ടണത്തിനു നഷ്ടമായി.

നഗരാസൂത്രണം സര്‍ഗാത്മകത ആവശ്യപ്പെടുന്ന പ്രവൃത്തിയാണ്. എല്ലാം തച്ചു തകര്‍ത്ത് നിലംപരിശാക്കിയതിനുശേഷം ഗ്രൗണ്ട് സീറോയില്‍നിന്ന് പുതുതായി ആരംഭിക്കാന്‍ ശ്രമിച്ചവരാണ് നീറോയും സഞ്ജയ് ഗാന്ധിയും. കായല്‍ക്കരയിലെ ഷണ്‍മുഖം റോഡ് ദിവാന്‍ സര്‍ ഷണ്‍മുഖം ചെട്ടിയുടെ പേരിലുള്ളതാണ്. ഈ ദിവാനാണ് കൊച്ചിയെ അറബിക്കടലിന്‍െറ റാണി എന്നു വിശേഷിപ്പിച്ചത്. തൻ്റെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ ദിവാന്‍ ജലനിര്‍ഗമനത്തിനുള്ള ഓവുകളാണ് ആദ്യം അന്വേഷിച്ചത്. കായലിലേക്ക് വെള്ളം ഒഴുകാന്‍ സംവിധാനമില്ലെന്നു കണ്ട് ദിവാന്‍ ഉദ്ഘാടനം മാറ്റിവച്ച് മടങ്ങി. അപ്രകാരം അന്വേഷണം പില്‍ക്കാലത്തെ ഉദ്ഘാടകര്‍ നടത്താത്തതിനാല്‍ മറൈന്‍ ഡ്രൈവിന്‍െറ നിര്‍മാണം കഴിഞ്ഞുള്ള ആദ്യത്തെ മഴയില്‍ ബ്രോഡ് വേയും പരിസരവും വെള്ളത്തില്‍ മുങ്ങി.

ല്യൂട്ടന്ൻ്റെ ഡല്‍ഹിയും ലെ കൊര്‍ബൂസിയറുടെ ചണ്ഡിഗഢും ആസൂത്രകര്‍ക്ക് അഭിമാനമായി നില്‍ക്കുന്നു. ബെര്‍ണിനി രൂപകല്പന ചെയ്ത വത്തിക്കാനിലെ ചത്വരത്തിന് അഞ്ച് നൂറ്റാണ്ട്കള്‍ക്കുശേഷവും വിസ്തീര്‍ണക്കുറവായെന്ന് ആരും പറഞ്ഞിട്ടില്ല. വിശ്വാസികളുടെ സംഖ്യയ്ക്കനുസൃതമായി ചത്വരം വികസിക്കുന്നുന്നെു തോന്നും. ചത്വരങ്ങളാണ് നഗരങ്ങളെ പ്രസിദ്ധമാക്കുന്നത്. നിര്‍മിതികളില്ലാതെ തുറന്നു കിടന്നിരുന്നുവെങ്കില്‍ അറബിക്കടലിൻ്റെ റാണിയുടെ നിത്യവിസ്മയമാകുമായിരുന്നു മറൈന്‍ ഡ്രൈവ്. അത് ഭാവനയില്‍ കതുകൊാണ് അതങ്ങനെതന്നെ കിടക്കട്ടെ എന്ന് ചാള്‍സ് കൊറയ പറഞ്ഞത്. ഇന്ദിര ഗാന്ധിയുടെ സെന്‍സര്‍ഷിപ്പിനുള്ള മറുപ ടി എഴുതാത്ത മുഖപ്രസംഗമാണെന്ന് അന്നത്തെ ചില എഡിറ്റര്‍മാര്‍ നിശ്ചയിച്ചതു പോലെ വരയ്ക്കാത്ത ഡിസൈന്‍ ചിലപ്പോള്‍ ആകര്‍ഷകവും അര്‍ത്ഥവത്തുമാകും. ഒന്നും ചെയ്യാതിരിക്കുന്നത് കൃതജ്ഞത അര്‍ഹിക്കുന്ന സദ്പ്രവൃത്തിയാകും

ഡോ. സെബാസ്റ്റ്യന്‍ പോള്‍

അഡ്വൈസറി ബോര്‍ഡ് അംഗം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍, എറണാകുളം ലോക്സഭാ മണ്ഡലം മുന്‍ എംപി.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.