Last Updated: October 27, 2025
"റിയര്‍ വ്യൂ" / Dr.J Reji Paul - Neurologist, Aster Medicity, Kochi. / Published in Designer + Builder on September 01, 2025
ന്യൂറോ ആര്‍ക്കിടെക്ചറും നിര്‍മ്മിതികളും

നിര്‍മ്മിത പരിസ്ഥിതികളുടെ ഡിസൈന്‍ മനുഷ്യ മസ്തിഷ്കത്തെയും, വികാരങ്ങളെയും, സ്വഭാവത്തെയും എങ്ങനെ സ്വാധീനിക്കും എന്ന് സൂക്ഷ്മമായി പരിശോധിക്കുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ ആര്‍ക്കിടെക്ചര്‍. ന്യൂറോ സയന്‍സ്, സൈക്കോളജി, ആര്‍ക്കിടെക്ചര്‍ എന്നിവയിലെ ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ടും പ്രകാശം, ശബ്ദം, താപനില, വിവിധ ഇടങ്ങളുടെ ക്രമീകരണം എന്നിവ വൈജ്ഞാനിക പ്രക്രിയകളെയും, വൈകാരിക അവസ്ഥകളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അവലോകനം ചെയ്തുകൊണ്ടും സ്വാസ്ഥ്യമേകുന്ന ഇടങ്ങള്‍ സൃഷ്ടിക്കാന്‍ ന്യൂറോ ആര്‍ക്കിടെക്ചര്‍ സഹായകരമാണ്. പരിസ്ഥിതി കേവലം വാസസ്ഥാനം പ്രദാനം ചെയ്യുന്നതിലുപരി വ്യക്തിഗത അനുഭവങ്ങളെയും ആരോഗ്യത്തെ യും ഗണ്യമായി സ്വാധീനിക്കും എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് വ്യക്തിഗത ഇടങ്ങള്‍ ക്ക് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് ന്യൂറോ ആര്‍ക്കിടെക്ചര്‍ തത്വങ്ങള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു..

മാനസികാരോഗ്യത്തില്‍ ന്യൂറോ ആര്‍ക്കിടെക്ചറിന്‍റെ സ്വാധീനം

വൈകാരിക ക്ഷേമം പരിപോഷിപ്പിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ന്യൂറോ സയന്‍സില്‍ നിന്നുള്ള തത്വങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഓരോ കെട്ടിടത്തിലെയും അന്തേവാസികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കാണ് ന്യൂറോ ആര്‍ക്കിടെക്ചര്‍ വഹിക്കുന്നത്. പ്രകൃതി വെളിച്ചം, ഇളം നിറങ്ങളുടെ ബോധപൂര്‍വ്വമുള്ള ഉപയോഗം, ഹരിതാഭമായ ഇടങ്ങള്‍, സുചിന്തിതമായ സ്ഥലവിനിയോഗം എന്നീ വാസ്തുബിംബങ്ങള്‍ സമ്മര്‍ദ്ദവും ആകാംക്ഷയും കുറയ്ക്കുകയും മന:സന്തോഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മികച്ച ആര്‍ക്കിടെക്ചറല്‍ ഡിസൈനുകള്‍ക്ക് മനുഷ്യചോദനകളെ പ്രചോദിപ്പിക്കുന്ന മസ്തിഷ്ക ഭാഗങ്ങളെ ഉത്തേജിപ്പിച്ച് മാനസിക സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത് വഴി അത്തരം നിര്‍മ്മിതികളില്‍ താമസിക്കുന്നവര്‍ക്ക് സ്വസ്ഥമായി വിശ്രമിക്കാനും, ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാനും, മികച്ച മാനസികാരോഗ്യം കൈവരിക്കാനും സാധിക്കും. അതേ സമയം കൃത്രിമ വെളിച്ചം അമിതമായി ഉപയോഗിക്കുന്നതോ, കടും നിറങ്ങള്‍ കുത്തി നിറച്ചതോ, അശ്രദ്ധമായി വിവിധ സ്പേസുകള്‍ ക്രമീകരിച്ചതോ, ശബ്ദ നിയന്ത്രണ സാധ്യതകള്‍ കൃത്യമായി പ്രയോജനപ്പെടുത്താത്തതോ ആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സമ്മര്‍ദ്ദം ഏറുകയും, ആ സമ്മര്‍ദം അവരുടെ ജീവിതശൈലിയെ പോലും ദോഷകരമായി ബാധിക്കുകയും ഉറക്കക്കുറവ്, അമിത ആശങ്കകള്‍ മുതലായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രോഗികളുടെ ഉത്കണ്ഠ കുറയ്ക്കാന്‍ ഹോസ്പിറ്റലുകളിലും, വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ, സര്‍ഗാത്മകത എന്നിവ പരിപോഷിപ്പിക്കാനും മികച്ച വിദ്യാഭ്യാസ നിലവാരം, മികച്ച തൊഴില്‍ നേട്ടം എന്നിവ കൈവരിക്കാനും സ്കൂളുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലും, ന്യൂറോ ആര്‍ക്കിടെക്ചര്‍ തത്വങ്ങള്‍ പ്രയോജന പ്പെടുത്താവുന്നതാണ്. അതുപോലെ ന്യൂറോ ആര്‍ക്കിടെക്ചറല്‍ തത്വങ്ങള്‍ കൃത്യമായി വിനിയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ സ്വാസ്ഥ്യമേകുന്നതും മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കുന്നതുമായ സങ്കേതങ്ങള്‍ ആയി മാറുകയും ചെയ്യും.

സ്വാസ്ഥ്യം വര്‍ധിപ്പിക്കാനും, ക്രിയാത്മകവും, രോഗശമനം ത്വരിതപ്പെടുത്തുന്നതുമായ ഇടങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും ന്യൂറോ ആര്‍ക്കിടെക്ചര്‍ ആര്‍ക്കിടെക്റ്റുകളെയും പ്ലാനര്‍മാരെയും സഹായിക്കും. ഇവ ഉപയോഗപ്പെടുത്തുന്നതിലൂടെ ആര്‍ക്കിടെക്ചറിന് പുതുമാനം നല്‍കാനും സാധിക്കും.

ഡോ.റെജി പോള്‍,

ന്യൂറോളജിസ്റ്റ്,ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി.

Newsletter

Subscribe our latest news/publications.

www.designerpublications.com
APTA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.