Last Updated: November 07, 2022
Contemporary / November 07, 2022
ഉടമയുടെ കയ്യൊപ്പ് പതിഞ്ഞ വീട്
രൂപകല്‍പ്പനയില്‍ ഉടമ സജീവമായി ഇടപെട്ടതിന്‍റെ മേന്മകളേറെയുണ്ട് ഈ വീടിന്

ആര്‍ക്കിടെക്റ്റോ, സിവില്‍ എഞ്ചിനീയറോ ഇല്ലാതെ ആണ് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ പ്രക്കാനം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന്‍റെ സ്ട്രക്ചര്‍ പൂര്‍ത്തീകരിച്ചത്. രണ്ട് തട്ടുകളായി കിടന്നിരുന്ന നാല്‍പ്പത് സെന്‍റ് പ്ലോട്ടായിരുന്നു ഇത്. മുന്‍വശത്തുള്ള ഉയര്‍ന്ന തട്ടിലാണ് വീട് പണിതിരിക്കുന്നത്. രൂപകല്‍പ്പനയിലും നിര്‍മ്മാണഘട്ടത്തിലും ഉടമ സജീവമായി ഇടപെട്ടതിന്‍റെ മേന്മകളേറെയുണ്ട് ഈ വീടിന്.

വീടിന്‍റെ േ സിക്പ്ലാന്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ ഉടമസ്ഥന്‍ അനൂപ് ഫിലിപ്സ് തന്നെയാണ് തയ്യാറാക്കിയത്. പിന്നീട് അദ്ദേഹത്തിന്‍റെ സുഹൃത്തും ഡിസൈനറുമായ അരുണ്‍ദാസ് (എആര്‍എന്‍ ഡിസൈന്‍, കോട്ടയം) ആവശ്യമായ മാറ്റങ്ങള്‍ വരുത്തി എലിവേഷനും പ്ലാനും ഫൈനലൈസ് ചെയ്യുകയായിരുന്നു. പിന്നീടുള്ള പണികളെല്ലാം തന്നെ പ്രൊഫഷണല്‍ ടീമുകളെയാണ് എല്‍പ്പിച്ചത്. വിദേശത്ത് എഞ്ചിനീയറായ അനൂപ് ഫിലിപ്സ്, നഴ്സ് ആയ ഭാര്യ രാജി തോമസ്, മക്കളായ ആഗ്നല്‍, അല്‍ഫ്രഡ് എന്നിവരാണ് ഇവിടുത്തെ താമസക്കാര്‍. പൂമുഖത്തു നിന്ന് ഫോര്‍മല്‍/ഗസ്റ്റ് ലിവിങ്ങിലേയ്ക്കെത്തുന്ന അതിഥികള്‍ക്ക് വീടിന്‍റെ മറ്റൊരു ഭാഗത്തേക്കും നോട്ടം കിട്ടാത്ത രീതിയില്‍ ആണ് വീടിന്‍റെ നിര്‍മ്മിതി. വലിയ ഇടനാഴികള്‍ നല്‍കിയാണ് ഡൈനിങ്ങ്, ഫാമിലി ലിവിങ്, കിടപ്പു മുറികള്‍, അടുക്കള എന്നിവ വേര്‍തിരിച്ചത്.

'T' ഷേപ്പിലുള്ള ഇടനാഴിയാണ് ഫോര്‍മല്‍ ലിവിങ്ങിനപ്പുറമുള്ളത്. ഇടനാഴിയുടെ മധ്യത്തിലുള്ള ഗ്ലാസും തേക്കും കൊണ്ടുള്ള രണ്ടു പാളി വാതില്‍ മത്സ്യക്കുളവും സിറ്റിങ് സ്പേസും ഉള്‍പ്പെടുത്തിയ കോര്‍ട്ട്യാര്‍ഡിലേക്കാണ് നയിക്കുന്നത്. ഇടനാഴിയുടെ ഇടതുവശത്താണ് ഫാമിലി ലിവിങ് കം പ്രെയര്‍ ഏരിയ, മാസ്റ്റര്‍ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, ഒന്നാം നിലയിലേയ്ക്കുള്ള സ്റ്റെയര്‍കേസ് എന്നിവ ക്രമീകരിച്ചത്. ഇടനാഴിയുടെ വലതുവശത്ത് ഡൈനിങ്ങ്, പാരന്‍റ്സ് ബെഡ്റൂം, പൗഡര്‍ റൂം, മോഡേണ്‍ കിച്ചന്‍, വര്‍ക്ക് ഏരിയ, ഫയര്‍ കിച്ചന്‍ എന്നിവയും സ്ഥാനപ്പെടുത്തി.

ഫാമിലി ലിവിങ് കം പ്രെയര്‍ ഏരിയ ഡബിള്‍ ഹൈറ്റിലാണ്. തടിയില്‍ നിര്‍മ്മിച്ച ഡോം ഷേപ്പിലുള്ള സ്പാനിഷ് ഷാന്‍റിലിയറുകള്‍ ഫാമിലി ലിവിങ് കം പ്രെയര്‍ റൂമിലും സ്റ്റെയര്‍ ഏരിയയിലും സ്ഥാപിച്ചിട്ടുണ്ട്.

നിലമ്പൂര്‍ കൂപ്പു തേക്ക് കൊണ്ടാണ് വാതിലുകള്‍, ജനലുകള്‍, ഗോവണിയുടെ കൈവരി, ഡൈനിങ്ങ് ടേബിള്‍ എന്നിവ നിര്‍മ്മിച്ചത്. വിശാലമായ ക്രോക്കറി ഷെല്‍ഫ്, ഡബിള്‍ ബേസിന്‍ വാഷ് കൗണ്ടര്‍, പാഷ്യോ, എസ്സ്റ്റീരിയര്‍ സിറ്റിങ് ഏരിയ എന്നിവിടങ്ങളിലേക്ക് നയിക്കുന്ന ഫോള്‍ഡബിള്‍ ഡോര്‍ എന്നിവ ഡൈനിങ്ങിന്‍റെ ഭാഗമാണ്. പൗഡര്‍ റൂമും ഡൈനിങ്ങിന് സമീപമുണ്ട്. വര്‍ക്ക് ഏരിയയാണ് വിശാലമായ മോഡേണ്‍ കിച്ചനെ ഫയര്‍ കിച്ചനില്‍ നിന്ന് വേര്‍തിരിക്കുന്നത്. രണ്ട് അടുക്കളകളിലും ഡ്രയിന്‍ ബോര്‍ഡുള്ള ഡബിള്‍ ബൗള്‍ സിങ്ക് ഉള്‍പ്പെടുത്തിയതിനൊപ്പം രണ്ടിടത്ത് നിന്നും തുല്യ അകലത്തില്‍ വര്‍ക്ക് ഏരിയയില്‍ ഫ്രിഡ്ജും സ്ഥാപിച്ചു. വാഷര്‍ ഡ്രയറിന്‍റെ സ്ഥാനവും വര്‍ക്ക് ഏരിയയിലാണ്. താരതമ്യേന വലിയ അടുക്കളയിലെ വര്‍ക്കിങ് ട്രയാങ്കിള്‍ ചെറുതാക്കാന്‍ ഡിസൈനര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഫയര്‍കിച്ചനില്‍ ചിമ്മിനി അടുപ്പിനോട് ചേര്‍ന്ന് മറ്റൊരു ഗ്യാസ് ഹോബ് കൂടി കൊടുത്തിട്ടുണ്ട്. മോഡുലാര്‍ ബെഡും സൈഡ് ടേബിളുകളും ഉള്‍പ്പെടുത്തി ബാത്അറ്റാച്ച്ഡ് ആയാണ് എല്ലാ കിടപ്പ് മുറികളും ഒരുക്കിയിരിക്കുന്നത്. ലോഫ്റ്റുകളും ഫുള്‍ഹൈറ്റ് വാഡ്രോബുകളും എല്ലായിടത്തുമുണ്ട്. പ്രെയര്‍ കൗണ്ടര്‍, ക്രോക്കറി ഷെല്‍ഫ്, കിടപ്പുമുറി 71 കളിലെ വാര്‍ഡ്റോബുകള്‍ എന്നിവ ഇന്‍ബില്‍റ്റായാണ് സ്ഥാപിച്ചത്. ഡ്രൈ വെറ്റ് ഏരിയകള്‍ വേര്‍തിരിച്ചൊരുക്കിയ ബാത്റൂമുകളിലെല്ലാം മുഴുനീളത്തില്‍ വിട്രിഫൈഡ് ടൈലൊട്ടിച്ച് എട്ട് അടി ഉയരത്തില്‍ ഫാള്‍സ് സീലിങ്ങും നല്‍കിയിട്ടുണ്ട്. അപ്പര്‍ ലിവിങ്, ഒരു കിടപ്പുമുറി, ഹോം തീയേറ്റര്‍, ലെഷര്‍ കൗണ്ടര്‍, തുറസ്സായ നയം പിന്തുടരുന്ന ബാല്‍ക്കണി, ഇന്‍റഗ്രേറ്റഡ് സീറ്റിങ്ങുള്ള പാര്‍ട്ടി ഏരിയ, സോളാര്‍ പാനലുകള്‍ എന്നിവയാണ് മുകള്‍ നിലയിലുള്ളത്. കോമണ്‍ ഏരിയകളിലെല്ലാം വാം ലൈറ്റിങ്ങാണ് ചെയ്തത്. ഷാന്‍റിലിയറുകളെല്ലാം ഇറക്കുമതി ചെയ്തവയാണ്. ഫുള്ളി ഓട്ടോമേറ്റഡ് ലൈറ്റിങ് സിസ്റ്റം ആണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റല്‍ അഡ്രസബിള്‍ ലൈറ്റിങ് ഇന്‍റര്‍ഫേസ് (ഉഅഘക) അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ എല്‍ഇഡി ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെവിടെ നിന്നും ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അലക്സ വോയ്സ് കമാന്‍ഡ് വഴിയോ ആവശ്യാനുസരണം ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനൊപ്പം അവയുടെ ഇന്‍റന്‍സിറ്റിയും നിയന്ത്രിക്കാനാകും.

മള്‍ട്ടി റൂം മ്യൂസിക് സിസ്റ്റം, ഹോം തീയേറ്റര്‍, ഗേറ്റുകള്‍, ഷട്ടറുകള്‍, സിസിടിവി സിസ്റ്റം എന്നിവയും പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്തവയാണ്. സൗരോര്‍ജ്ജപാനല്‍ സ്ഥാപിച്ച ഈ വീടിനു മുകളില്‍ വീഴുന്ന മഴവെള്ളം ഒരു തുള്ളി പോലും പാഴാവാതെ പ്ലോട്ടില്‍ നിര്‍മിച്ചിരിക്കുന്ന അന്‍പതിനായിരം ലിറ്റര്‍ കപ്പാസിറ്റി ഉള്ള അണ്ടര്‍ ഗ്രൗണ്ട് ടാങ്കില്‍ ശേഖരിക്കപ്പെടുന്നുണ്ട്. മെയിന്‍ സ്ലാബിനോട് ചേര്‍ത്ത് ഇന്‍റഗ്രേറ്റഡ് ആയി കോണ്‍ക്രീറ്റില്‍ തന്നെ മഴവെള്ളപ്പാത്തി നല്കിയിരിക്കുകയാണ്. കിണര്‍, മഴവെള്ളം, ബോര്‍വെല്‍, വാട്ടര്‍ അതോറിറ്റി എന്നിങ്ങനെ പൂര്‍ണ്ണമായും ഫില്‍റ്റര്‍ ചെയ്യപ്പെടുന്ന നാല് ജലസ്രോതസ്സുകള്‍ ഇവിടെ ഉണ്ട്. കിണര്‍ വെള്ളവും, മഴവെള്ളവും കിച്ചന്‍, വാഷ് ബേസിന്‍, ഷവര്‍ എരിയകളിലേയ്ക്കും, കുഴല്‍ കിണറിലെയും, മുന്‍സിപ്പാലിറ്റിയിലെയും വെള്ളം പ്രത്യേകമായി ഫ്ളഷ് ടാങ്കിലേക്കും, ഇറിഗേഷനുമായും വേര്‍തിരിച്ചാണ് നല്‍കിയത്. ആവശ്യമുള്ള പക്ഷം രണ്ടു സംവിധാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനും കഴിയും. വിദേശത്തായിരുന്നതിനാല്‍, അവിടെ ശീലിച്ച പോലെ വെള്ളത്തിനും വൈദ്യുതിക്കും ഒരു കുറവും ഉണ്ടാകരുതെന്ന നിര്‍ബന്ധം വീട്ടുടമയ്ക്ക് ഉണ്ടായിരുന്നു. സിറ്റ് ഔട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ് കം പ്രെയര്‍ ഏരിയ, ഡൈനിങ്, നാല് കിടപ്പുമുറികള്‍, ഹോം തീയേറ്റര്‍, മെയിന്‍ കിച്ചന്‍, വര്‍ക്കേരിയ, ഫയര്‍ കിച്ചന്‍, കോര്‍ട്ട്യാര്‍ഡ്, പാഷ്യോ, അപ്പര്‍ ലിവിങ്, പാര്‍ട്ടി ഏരിയ എന്നിവ ഉള്‍പ്പെടുന്ന ഈ ഇരുനിലവീടിന്‍റെ വിസ്തീര്‍ണ്ണം 4950 ചതുരശ്ര അടിയാണ്. പരന്ന ടെറസ് മേല്‍ക്കൂരയ്ക്ക് മുകളില്‍ ട്രസ് വര്‍ക്ക് ചെയ്തതിനാല്‍ പുറംകാഴ്ചയില്‍ വീട് മൂന്നുനിലയാണെന്ന പ്രതീതിയാണ് ഉളവാകുന്നത്. കൊളോണിയല്‍ ശൈലിയില്‍ ഉള്ള എക്സ്റ്റീരി യറിന് ആ ഉയരം ആവശ്യവുമായിരുന്നു. ട്രസ് മേല്‍ക്കൂരയ്ക്കു മുകളില്‍ ഇമ്പോര്‍ട്ടഡ് ക്ലേ ടൈല്‍ വിരിച്ചതും ചൂടുവായു പുറന്തള്ളുന്നതിന് വേണ്ടി ഡബിള്‍ ഹൈറ്റില്‍ ഓട്ടോമേറ്റഡ് എക്സോസ്റ്റ് ഫാന്‍ സ്ഥാപിച്ചതും അകത്തളാന്തരീക്ഷം ഊഷമളമാക്കാന്‍ ഉതകുന്നുണ്ട്. ക്രോസ് വെന്‍റിലേഷനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതും പടിഞ്ഞാറോട്ടു ദര്‍ശനമായി നിര്‍മ്മിച്ച ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡില്‍ ജലാശയം ഉള്‍പ്പെടുത്തിയതും എടുത്തു പറയത്തക്കതാണ്.

<

Client: Anoop Philips & Family

Designer: Arundas V

ARN Design, 1st Floor,Sacred Heart Catholic Church Building, Monippally Kottayam - 686636u

ഫോണ്‍ / Phone :+91 9497372933, 6235761710

ലൊക്കേഷന്‍ / Location: Omallur, Pathanamthitta

ഏരിയ / Area:4950 Sft.

പ്ലോട്ട് / Plot: 40 സെന്‍റ് /Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.