Last Updated: March 05, 2023
Contemprory / March 05, 2023
ഡച്ച് മാതൃകയിലൊരുക്കിയ മലയാളി വീട്
" അലങ്കാരവേലകളുടെ അതിപ്രസരമോ വര്‍ണ്ണശബളിമയോ ഇല്ലാതെ പരുക്കന്‍ മട്ടിലൊരുക്കിയ വീട് "

ഹരിതാഭയെയും സൂര്യപ്രകാശത്തെയും പരമാവധി അകത്തേക്കാവാഹിക്കും വിധമൊരുക്കിയ വീടാണിത്. കേരളത്തില്‍ വിരളമായി മാത്രം കണ്ടു വരുന്ന ഡച്ച് വാസ്തുബിംബങ്ങളുടെ സാന്നിധ്യമാണ് ഈ വീടിനെ അന്യാദൃശമാക്കുന്നത്. എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് കൊറ്റം എന്ന ഗ്രാമത്തിലുള്ള ഈ വീട് പൂര്‍ത്തീകരിക്കപ്പെട്ടിട്ട് കേവലം മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ഡച്ച് കേരളീയ വാസ്തുശൈലികള്‍ സമന്വയിച്ചപ്പോള്‍ പതിറ്റാണ്ടുകളായി ഇത് ഇവിടെ ഉണ്ടായിരുന്നു എന്ന പ്രതീതിയാണ് ഉളവാകുന്നത്. പ്രധാനപാതയോരത്തു നിന്ന് തെല്ലകലെയുള്ള 25.78 സെന്‍റ് പ്ലോട്ടിലാണ് 5690 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇാ വീടിരിക്കുന്നത്. അലങ്കാരവേലകളുടെ അതിപ്രസരമോ വര്‍ണ്ണശബളിമയോ ഇല്ലാതെ പരുക്കന്‍ മട്ടിലാണ് ആര്‍ക്കിടെക്റ്റ് ശ്രീരാഗ് പാറമേല്‍ (ക്രിയോ ഹോംസ്, കൊച്ചി) ഈ വസതി രൂപകല്‍പ്പന ചെയ്തത്. ഡച്ച് വാസ്തുകലയെ അതിരറ്റു സ്നേഹിക്കുന്ന എബി വില്‍സണ്‍ എന്ന ഐടി പ്രൊഫഷണലാണ് ഇവിടുത്തെ ഗൃഹനാഥന്‍. പഴയ കാലത്തെ മനകളെയും മറ്റും അനുസ്മരിപ്പിക്കും വിധം ലളിതമനോഹരവും പ്രൗഢ ഗംഭീരവുമായിരിക്കണം വീടെന്ന ആഗ്രഹം അദ്ദേഹം ആദ്യ സന്ദര്‍ശന വേളയില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ ഓരോ ഇടവും എങ്ങനെയാകണമെന്ന് വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. നിരന്തരമുള്ള യാത്രകളിലൂടെയും വായനയിലൂടെയും വിവിധ നിര്‍മ്മാണശൈലികളെ കുറിച്ച് ഗൃഹനാഥന്‍ നേടിയ അവഗാഹം വീട്ടുടമയും ശില്‍പ്പിയും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുസാദ്ധ്യമാക്കി.

വെയിലും മഴയും മാറി മാറി വരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ചെരിഞ്ഞ മേല്‍ക്കൂരയാണ് വീടിന് നല്‍കിയിരിക്കുന്നത്. മേല്‍ക്കൂരയില്‍ ട്രസ് വര്‍ക്ക് ചെയ്ത് ഓട് വിരിക്കുകയായിരുന്നു. പുതുതലമുറ നിര്‍മ്മാണ സാമഗ്രിയായ പോറോതേം ബ്രിക്കുകളാണ് ചുമര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. നോണ്‍ ലോഡ് ബെയറിങ് സ്ട്രക്ചറുകള്‍ക്ക് തികച്ചും അനുയോജ്യമായ ഹൊറിസോണ്ടലി പെര്‍ഫോറേറ്റഡ് ബ്രിക്കുകളാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 2018-ല്‍ ഉണ്ടായ പ്രളയം മൂലം ഈ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ കൂടി കണക്കിലെടുത്താണ് വെള്ളം വളരെ കുറച്ചു മാത്രം ആഗിരണം ചെയ്യുന്ന പോറോതേം കട്ടകള്‍ തന്നെ ഉപയോഗിച്ചത്. അകത്തളത്തിലെ ചൂട് ഗണ്യമായി കുറയ്ക്കുന്ന ഈ സുസ്ഥിര നിര്‍മ്മാണ സാമഗ്രി ഉപയോഗിച്ചതിനാല്‍ ഇവിടെ എയര്‍ കണ്ടീഷണറിന്‍റെ ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്. പോറോതേം കട്ടകള്‍ ഉപയോഗിച്ച് സാധാരണ ഇഷ്ടിക ഉപയോഗിക്കുന്നതിന്‍റെ എട്ടിലൊന്ന് സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും. ഇതിലൂടെ നിര്‍മ്മാണച്ചെലവ് 20 ശതമാനം വരെ കുറയുകയും ചെയ്യും. പുറം ചുമരുകളിലും സീലിങ്ങിലും സിനിക്കോണ്‍ PP ഹീറ്റ് പ്രൂഫിങ് സാന്‍ഡ് പ്ലാസ്റ്ററിങ് ചെയ്തതും ചൂട് കുറച്ച് അകത്തളാന്തരീക്ഷം ഊഷ്മളമാക്കാന്‍ ഉപകരിച്ചിട്ടുണ്ട്. വടക്കോട്ടു ദര്‍ശനമായ വീടിന്‍റെ പടിഞ്ഞാറുവശത്തെ ഭിത്തികള്‍ അകത്തളത്തിലെ ചൂട് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ 40 സെന്‍റിമീറ്റര്‍ കനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ മുറികളെല്ലാം നീളം കൂടിയതും വീതി കുറഞ്ഞതുമാണ്. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ് കം ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, യൂട്ടിലിറ്റി ഏരിയ, മൂന്നു കിടപ്പുമുറികള്‍, സര്‍വന്‍റ്സ് റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്.

"പല അവസ്ഥാന്തരങ്ങള്‍ക്കിടയിലും പഴമയുടെ ഗരിമയും അന്ത:സത്തയും സുസ്ഥിരമായി കാത്തുസൂക്ഷിക്കാനായി എഅങ്ങേയറ്റം സുസ്ഥിരമായ പുതുതലമുറ നിര്‍മ്മാണ സാമഗ്രിയായ പോറോതേം ബ്രിക്കുകളാണ് ചുമര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്."

ജിംനേഷ്യവും അനുബന്ധമായുള്ള ശുചിമുറിയും മാത്രമേ മുകള്‍നിലയിലുള്ളൂ. ഡച്ച് മാതൃക പിന്‍പറ്റി കമാനാകൃതിയിലുള്ള ജനലുകളും വാതിലുകളുമാണ് ഇവിടെ ഉള്‍പ്പെടുത്തിയത്. കസ്റ്റമൈസ് ചെയ്തെടുത്ത ആന്‍റിക്ക് ഫര്‍ണിച്ചറില്‍ കേരളീയ - ഡച്ച് വാസ്തുശൈലികള്‍ സമന്വയിച്ചിരിക്കുകയാണ്. ഇവിടുത്തെ ലൈറ്റിങ്ങില്‍ പോലും ആന്‍റിക്ക് വൈബാണ് പ്രതിഫലിക്കുന്നത്. ഭഘ' ഷേപ്പ് വരാന്ത ഉള്‍പ്പെടുത്തിയ പൂമുഖത്തിനനുബന്ധമായുള്ള പോര്‍ച്ചില്‍ ഒരേ സമയം രണ്ടു കാറുകള്‍ പാര്‍ക്കു ചെയ്യാനാകും. ചുറ്റുവരാന്ത ഉള്‍പ്പെടുത്തിയ കോര്‍ട്ട്യാര്‍ഡിലേക്കാണ് പൂമുഖവാതില്‍ മിഴി തുറക്കുന്നത്. ചെറു ചടങ്ങുകളും ബിസിനസ് മീറ്റിങ്ങുകളും നടത്തത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് പൂമുഖത്തിന്‍റെ തുടര്‍ച്ചയെന്നോണം ഒരുക്കിയ ഫോര്‍മല്‍ ലിവിങ്ങിലുള്ളത്. കോര്‍ട്ട്യാര്‍ഡാണ് ഫോര്‍മല്‍ ലിവിങ്ങിനെ മറ്റിടങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. ഫോര്‍മല്‍ലിവിങ്ങിലേക്കും ഓഫീസ് റൂമിലേക്കും നയിക്കുന്ന രണ്ട് വ്യത്യസ്ത കവാടങ്ങള്‍ പൂമുഖത്തിന്‍റെ ഭാഗമാണ്. പല പുതിയ ശീലങ്ങളും പിന്തുടരാന്‍ മനുഷ്യരാശി നിര്‍ബന്ധിതമായ കൊറോണക്കാലത്തിന് തികച്ചും അനുയോജ്യമായ വിധത്തില്‍ സ്വകാര്യത ഉറപ്പാക്കിയതിനൊപ്പം നീന്തല്‍ക്കുളവും പാഷ്യോയും പോലുള്ള റിഫ്രഷ്മെന്‍റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ ബാക്ക്യാര്‍ഡിലേക്ക് നേരിട്ട് പ്രവേശിക്കത്തക്ക വിധത്തിലാണ് ഓഫീസ് സ്പേസ് സ്ഥാനപ്പെടുത്തിയത്. അടുക്കളയും കിടപ്പുമുറികളും സ്വച്ഛശാന്തമായ ബാക്ക്യാര്‍ഡിലേക്ക് നോട്ടമെത്തും വിധമാണ് ക്രമീകരിച്ചത്. കോണ്‍ക്രീറ്റ്, ടെറാക്കോട്ട ടൈല്‍ എന്നിവയ്ക്കൊപ്പം വെള്ള, കറുപ്പ് നിറങ്ങളിലുള്ള ആത്തംകുടി ടൈലുകളും നിലമൊരുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. 450 ഓളം വൃക്ഷത്തൈകള്‍ ഉള്‍പ്പെടുത്തി 3 സെന്‍റിലൊരുക്കിയ മിയാവാക്കി വനം തികച്ചും പ്രകൃതി സൗഹൃദമായി ഒരുക്കിയ ഈ വീട്ടിലെ ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാണ്.

Client / Owner :Aby Wilson & Family

ലൊക്കേഷന്‍ / Location: Kalady, Ernakulam.

Architect :Ar.Sreerag Paramel

Address : Creo Homes Pvt. Ltd. Kizhavana Road Panampilly Nagar Kochi – 682036

Phone :+91 96458 99951

Client :Aby Wilson

ഏരിയ / Area:5690 Sq. Ft.

പ്ലോട്ട് / Plot: 25.78 Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com
Galtex

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.