Last Updated: November 14, 2025
ഡ്രീം ഹോം / November 14, 2025
ഹരിതാഭമീ രമ്യഹര്‍മ്യം
" ക്രിയാത്മകതയും രൂപസൗകുമാര്യവും കൈകോര്‍ക്കുന്ന അതീവ വിശാലമായ വീട്."

ട്രോപ്പിക്കല്‍ മോഡേണ്‍ ശൈലി പിന്തുടരുന്ന ഈ വീട് തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്താണ് ഉള്ളത്. 29.23 സെന്‍റ് പ്ലോട്ടില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ വീട് പുനരുദ്ധരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ബിസിനസുകാരനായ അഭിലാഷ് ആര്‍ക്കിടെക്റ്റ് ദമ്പതിയായ അനൂപ് ചന്ദ്രനെയും മനീഷ അനൂപിനെയും (അമാക് ആര്‍ക്കിടെക്റ്റ്സ്, തൃശ്ശൂര്‍) സമീപിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വീട് പൂര്‍ണ്ണമായും പൊളിച്ചു പണിയുക എന്ന തീരുമാനത്തിലേക്ക് പിന്നീട് ആര്‍ക്കിടെക്റ്റുകളും വീട്ടുകാരും എത്തിച്ചേരുകയാണുായത്.

പൂമുഖം : ഇന്‍ബില്‍റ്റ് സീറ്റ് കം ഷൂ റാക്കും ലൂസ് ഫര്‍ണിച്ചറും ഉള്‍പ്പെടുത്തിയ പൂമുഖം

അകത്തും പുറത്തും ഹരിതബിംബങ്ങൾ പരമാവധി ഉള്‍ച്ചേര്‍ത്ത് ഒരുക്കിയ ഈ വസതിയുടെ ഓരോ കോണും ശില്പചാതുരിയാര്‍ന്നതാണ്. പച്ച പുതച്ച ഒരു പറുദീസ തന്നെയാണ് ഈ വീട് എന്ന് നിസ്സംശയം പറയാവുന്നതാണ്. അതീവ വിശാലവും കസ്റ്റമൈസേഷന്‍റെ സൗന്ദര്യത്തികവ് വിളിച്ചോതുന്നതുമായ അകത്തളം സമകാലിക ശൈലിയാണ് പിന്തുടരുന്നത്.

ഫാമിലി ലിവിങ് : ഫോര്‍മല്‍ ലിവിങ്ങിലേത് പോലുള്ള ഒരുക്കങ്ങളാണ് ബെയ്ജ് കളര്‍ തീമിലുള്ള ഫാമിലി ലിവിങ്ങിലുമുള്ളത്. ജി ഐ ട്യൂുകള്‍ കൊണ്ട് കസ്റ്റമൈസ് ചെയ്തെടുത്ത ക്യൂരിയോസ് മൊഡ്യൂള്‍ ആണ് ടിവി യൂണിറ്റ് ഉള്‍പ്പെടുത്തിയ ഫാമിലി ലിവിങ്ങിനെ ഫോര്‍മല്‍ ലിവിങ്ങില്‍ നിന്ന് വേര്‍തിരിക്കുന്നത്.

അതീവ വിശാലവും തുറസ്സായ ഇടങ്ങള്‍ ഉള്‍പ്പെടുത്തിയതും ആധുനിക സൗകര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായ വീടാണ് ഗൃഹനാഥന്‍റെ സങ്കല്പത്തില്‍ ഉണ്ടായിരുന്നത്.

ഫോര്‍മല്‍ ലിവിങ് : വാള്‍ പാനലിങ്ങുകള്‍ക്കൊപ്പം കസ്റ്റമൈസ് ചെയ്തെടുത്ത പെയിന്‍റിങ്ങുകളും നിഷുകളും ചേര്‍ന്നപ്പോള്‍ വീടിന്‍റെ ഹൃദയമായ ഫോര്‍മല്‍ ലിവിങ് കൂടുതല്‍ ചേതോഹരമായി.ഫാബ്രിക്ക് ഫിനിഷ് ഇരിപ്പിടങ്ങള്‍ക്കൊപ്പം ഫ്ളോറല്‍ പാറ്റേണ്‍ കുഷ്യനുകള്‍ കൂടിയായപ്പോള്‍ ഈ ഏരിയയുടെ ആംപിയന്‍സ് ഇരട്ടിച്ചു. മള്‍ട്ടിവുഡില്‍ തീര്‍ത്ത കോഫി ടേബിളിന് മാര്‍ബിള്‍ ടോപ്പ് ആണ് നല്‍കിയത്

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ വീണു കിട്ടുന്ന വിശ്രമവേളകള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ആസ്വദിക്കാവുന്ന ഒരിടം. ക്രിയാത്മകതയും രൂപസൗകുമാര്യവും കൈകോര്‍ക്കുന്ന വസതി വീട്ടുകാര്‍ സങ്കല്പിച്ചതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍പൂര്‍ത്തീകരിച്ചതിനൊപ്പം 29.30 സെന്‍റ് വിസ്തൃതിയുള്ള പ്ലോട്ടിന്‍റെ ലാന്‍ഡ്സ്കേപ്പിങ് സാധ്യതകളും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

അര്‍ദ്ധകായ പ്രതിമകളും നീന്തല്‍ക്കുളവും ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാണ്. പ്ലോട്ടിലെ മരങ്ങള്‍ പരമാവധി നില നിര്‍ത്തിയതിനൊപ്പം പരിസരത്തിനിണങ്ങുന്ന ഉഷ്ണമേഖലാ സസ്യങ്ങളും സമൃദ്ധമായി ഉള്‍പ്പെടുത്തി.

അകത്തളം പോലെ നീന്തല്‍ക്കുളത്തിന് സമീപത്തെ ചുമരും പാനലിങ് ചെയ്ത് ആകര്‍ഷകമാക്കിയിട്ടുണ്ട്. ചൂട് വായുവിനെ പുറന്തള്ളി അകത്തളാന്തരീക്ഷം ഊഷ്മളമാക്കുന്നതിന് വേണ്ടി കൂടിയാണ് ലിവിങ്ങുകളും ഡൈനിങ്ങും ഡബിള്‍ ഹൈറ്റിലാക്കിയത്. 4065 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള അകത്തളം ഒറ്റ നിലയിലായതിനാല്‍ കുടുംബാംഗങ്ങൾക്കിടയിലെ ആശയവിനിമയം കൂടുതല്‍ സുതാര്യമായിരിക്കും. പൂമുഖത്തുനിന്ന് നേരിട്ട് ഫോര്‍മല്‍ ലിവിങ്ങിലേക്കാണ് പ്രവേശനം. ഡബിള്‍ ഹൈറ്റ് ഫോര്‍മല്‍ ലിവിങ്ങിന്‍റെ ഇരുവശങ്ങളിലായി ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ സജ്ജീകരിച്ചു. കിച്ചന്‍,വര്‍ക്കിങ് കിച്ചന്‍, ബാത് അറ്റാച്ച്ഡ് സെര്‍വന്‍റ്സ് റൂം, ഔട്ട്ഡോര്‍ പാഷ്യോ എന്നിവ ഡൈനിങ്ങിന് അനുബന്ധമായി ഉണ്ട്. ഫാമിലി ലിവിങ്ങില്‍ നിന്ന് ആരംഭിക്കുന്ന നീളന്‍ ഇടനാഴിയാണ് അതീവ സ്വകാര്യതയോടെ പ്രത്യേക ഡ്രസ്സിങ് ഏരിയ ഉള്‍പ്പെടുത്തി ഒരുക്കിയമാസ്റ്റര്‍ ബെഡ്റൂമിലേക്ക് നയിക്കുന്നത്.

ഫോര്‍മല്‍ ലിവിങ്ങിന്‍റെ ഇടതുവശത്ത് പാരന്‍റ്സ് ബെഡ്റൂമും, ഫോര്‍മല്‍ ലിവിങ്ങിന് അനുബന്ധമായ പാഷ്യോയുടെ ഇരുവശങ്ങളിലായി മക്കളുടെ കിടപ്പുമുറികളും ഒരുക്കി. പാര്‍ട്ടി സ്പേസ് ആയി കൂടി പ്രയോജനപ്പെടുത്തത്തക്ക വിധത്തില്‍ നീന്തല്‍ കുളത്തിന് സമീപമാണ് ബാര്‍ കൗണ്ടര്‍, ജിംനേഷ്യം, ഹോം തീയേറ്റര്‍ എന്നിവയ്ക്ക് ഇടം കണ്ടത്.

എക്സ്റ്റീരിയര്‍ : പരമ്പരാഗതത്തനിമയോടെ പല തട്ടുകളില്‍ ഒരുക്കിയ ചെരിഞ്ഞ മേല്‍ക്കൂരകള്‍ ആണ് ആദ്യ കാഴ്ചയില്‍ കണ്ണിലുടക്കുന്നത്. പോര്‍ച്ചും ഇതേ മാതൃകയിലാണ്. പേവിങ് ടൈല്‍ പാകി മുന്‍മുറ്റം ഭംഗിയാക്കി. പ്ലോട്ടിലെ മരങ്ങള്‍ പരമാവധി നിലനിര്‍ത്തിയതിനൊപ്പം പുല്‍ത്തകിടിയും ട്രോപ്പിക്കല്‍ പ്ലാന്‍റുകളും നീന്തല്‍ കുളവും കരിങ്കല്‍ പ്രതിമകളും ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാക്കി.

ചൂടും തണുപ്പും മാറിമാറി വരുന്ന കേരളത്തിലെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് അകത്തളത്തില്‍ തുറസ്സായ ഇടങ്ങള്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിയ തും ബ്രൗണ്‍ കളര്‍ടോണിലുള്ള ടെക്സ്ചറുകളും ആകര്‍ഷകമായ പേസ്റ്റല്‍ നിറങ്ങളും ഒരുപോലെ പ്രയോജനപ്പെടുത്തിയതും. ഇവയുടെ സാന്നിധ്യം അകത്തളത്തെ ഊഷ്മളവും ഊര്‍ജ്ജസ്വലവും ആക്കി തീര്‍ക്കുന്നു. വുഡന്‍ ക്വാര്‍ട്ട്സ,് അക്രിലിക്ക് ഫിനിഷുകളുടെ സാന്നിധ്യം ഈട് ഉറപ്പാക്കുന്നതിനൊപ്പം സമകാലിക ശൈലിയെ സാധൂകരിക്കുന്നുമുണ്ട്. വ്യത്യസ്ത തീമുകള്‍ പിന്തുടരുന്ന കിടപ്പുമുറികള്‍ സ്വച്ഛശാന്തമാണ്. അക്രിലിക്ക് ടോപ്പുകള്‍, ക്വാര്‍ട്ട്സ് ഫിനിഷുകള്‍, വുഡന്‍ ആക്സന്‍റുകള്‍ എന്നിവയുടെ സാന്നിധ്യം ഇവയെ കൂടുതല്‍ പ്രൗഢമനോഹരം ആക്കുന്നു. അങ്ങേയറ്റം ആഡംബര പൂര്‍ണവും ഹരിതാഭവുമായ ഈ വസതി താമസക്കാരിലും സന്ദര്‍ശകരിലും ഒരുപോലെ നവോന്മേഷം നിറയ്ക്കുമെന്ന് തീര്‍ച്ചയാണ്.

Architects : Ar.Anoop Chandran & Ar.Manisha_Anoop

Address : Amac Architects-Interiors-Vasthu Consultants Thrissur.

Client / Owner : Abhilash and Family

ലൊക്കേഷന്‍ / Location: Thalikulam.

ഏരിയ / Area:4065 Sq.Ft..

പ്ലോട്ട് / Plot: 29.23Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
Denwud

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.