Last Updated: September 05, 2022
Home Style / September 05, 2022

ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സ്

ഐഐഎ കേരള സ്റ്റേറ്റ് അവാര്‍ഡ്സ് 2021 ഗോള്‍ഡ് ലീഫ് വിഭാഗം: റസിഡന്‍ഷ്യല്‍ ബില്‍ഡിങ്സ് (സിംഗിള്‍ ഡ്വെല്ലിങ്സ്)

ആര്‍ക്കിടെക്റ്റിന്‍റെയും ക്ലയന്‍റിന്‍റെയും മനപ്പൊരുത്തമാണ് 'ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സ്' എന്നു പേരിട്ട ഈ വീടിനെ അന്യാദൃശവും അനിതരസാധാരണവുമാക്കി തീര്‍ത്തത്. പ്രശസ്ത ചിത്രകാരനായ പ്രസാദ് കണത്തുങ്കലിന്‍റെ ഉടമസ്ഥതയിലുള്ള ഈ വീട് അക്ഷരാര്‍ത്ഥത്തില്‍ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതും ആശയങ്ങളെ ദൃശ്യവത്ക്കരിക്കാന്‍ സഹായിക്കുന്നതുമായ ഒരു കാന്‍വാസായി മാറിയിരിക്കുകയാണ്. തികച്ചും ക്രിയാത്മകമായി ഒരുക്കിയ ഈ വസതി കലയ്ക്കും വാസ്തുകലയ്ക്കും ഇടയിലുള്ള അതിലോലമായ അതിര്‍വരമ്പ് അലിയിച്ചില്ലാതാക്കിയിരിക്കുകയാണെന്ന് നിസ്സംശയം പറയാനാകും. കാസര്‍കോട് ജില്ലയിലെ അമ്പലത്തറയിലുള്ള 10 സെന്‍റ് പ്ലോട്ടിലാണ് ഈ വീടിരിക്കുന്നത്. താരതമ്യേന ചെറുതെങ്കിലും, വിവിധ മരങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍, ചെങ്കല്‍ പാറകള്‍, പ്രകൃതിദത്തമായ അതിര്‍വരമ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഈ പ്ലോട്ട്. പടിഞ്ഞാറ് ഭാഗത്തുള്ള താഴ്വരകളുടെയും കുന്നുകളുടെയും ഇവയെ തഴുകിത്തലോടി കടന്നു പോകുന്ന മന്ദമാരുതന്‍റെയും സാന്നിധ്യം ഈ സൈറ്റിന്‍റെ ആകര്‍ഷണീയതയേറ്റാന്‍ ഉതകുന്നുണ്ട്. 10 സെന്‍റ് സ്ഥലത്ത് സ്വാഭാവിക ഭൂപ്രകൃതിക്ക് കോട്ടം തട്ടാതെ വീടൊരുക്കണമെന്നത് രൂപകല്‍പ്പനാവേളയില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

ഡബിള്‍ ഹൈറ്റ് സെന്‍ട്രല്‍ കോര്‍ട്ടില്‍ നില കൊള്ളുന്ന 15 വര്‍ഷം പഴക്കമുള്ള വങ്കണ മരമാണ് വീടിന്‍റെ കേന്ദ്രബിന്ദു. താഴ്വരയില്‍ നിന്നുള്ള കുളിര്‍കാറ്റും ജലാശയത്തിന്‍റെ സാന്നിധ്യവും അകത്തളാന്തരീക്ഷത്തെ ഊഷ്മളമാക്കാന്‍ ഉതകുന്നുണ്ട്. വൃത്താകൃതിയില്‍ സ്കൈലിറ്റായി ഒരുക്കിയ സീലിങ്ങിലൂടെ വളര്‍ന്നു നില്‍ക്കുന്ന വങ്കണമരത്തിന് അഭിമുഖമായാണ് താഴെയും മുകളിലുമുള്ള സ്റ്റുഡിയോകള്‍ സ്ഥാനപ്പെടുത്തിയത്. മരത്തിനൊപ്പം ചെങ്കല്ല് പുറത്തു കാണത്തക്ക വിധമൊരുക്കിയ ചുമരുകളും ഇഴ ചേര്‍ന്നപ്പോള്‍ സ്റ്റുഡിയോകള്‍ക്ക് തികഞ്ഞ സ്വാഭാവികത കൈവന്നിട്ടുണ്ട്. സൈറ്റിലെ മരങ്ങള്‍ പോലും ഇവിടെ ഡിസൈന്‍ എലമെന്‍റുകളായി മാറുന്നുണ്ട്. ഒരു തെങ്ങ് മാറ്റി നടേണ്ടി വന്നതൊഴിച്ചാല്‍ സൈറ്റിലുണ്ടായിരുന്ന മറ്റ് 16 മരങ്ങളും അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്. ആവശ്യാനുസരണം മടക്കി വെക്കത്തക്ക വിധം മെറ്റലില്‍ തീര്‍ത്ത് വൃത്താകൃതിയില്‍ മുറിക്കപ്പെട്ട മുള കൊണ്ടലങ്കരിച്ച പ്രധാന വാതില്‍ ലിവിങ് ഡൈനിങ് ഏരിയകളിലേക്കാണ് നയിക്കുന്നത്. താഴ്വരയിലേക്ക് നോട്ടമെത്തും വിധം ലിവിങ് റൂമില്‍ തറ നിരപ്പില്‍ ഇരിപ്പിടമൊരുക്കിയത് വ്യത്യസ്തതയാണ്. ഇരുവശവും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഉള്‍പ്പെടുത്തിയ ജലാശയവും ലിവിങ്ങിന്‍റെ ഭാഗമാണ്. ഡൈനിങ് ഏരിയയിലെ ഇരിപ്പിടവും തറനിരപ്പിലാണ്. ദിവസവും നിലത്തിരിക്കാന്‍ അന്തേവാസികളെ പ്രേരിപ്പിക്കാനും അതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഇരിപ്പിടങ്ങള്‍ ഇപ്രകാരമൊരുക്കിയത്.

കലാകാരന്‍റെ സര്‍ഗ്ഗാത്മകതയ്ക്ക് അതിര്‍ വരമ്പിടാന്‍ സ്ഥലത്തിനോ സമയത്തിനോ സാധിക്കുകയില്ലെന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഈ വീട്.

ഭൂനിരപ്പിന് താഴെ ഒരുക്കിയ രണ്ടാമത്തെ ബ്ലോക്കിലാണ് ഇന്‍ഫോര്‍മല്‍ ഡൈനിങ്, സ്റ്റഡി ഏരിയ, ടിവി സ്പേസ്, ആര്‍ട്ടിസ്റ്റിന്‍റെ ക്ലാസ് റൂം എന്നിവ സ്ഥാനപ്പെടുത്തിയത്. ലിവിങ് കം ഡൈനിങ്ങിന്‍റെ ഭാഗമായ സ്റ്റീല്‍ ഗോവണിയാണ് ഇവിടേക്ക് നയിക്കുന്നത്. വാഡ്രോബ് ഉള്‍പ്പെടുത്തിയ ഭിത്തിയാണ് കിടപ്പുമുറികളെ തമ്മില്‍ വേര്‍തിരിക്കുന്നത്. നേര്‍രേഖയിലൊരുക്കിയ കോര്‍ട്ട് യാര്‍ഡും ഹരിതാഭമായ പ്രകൃതിയിലേക്ക് മിഴി തുറക്കുന്ന സ്ലൈഡിങ് ഡോറുകളുമാണ് കിടപ്പുമുറികളില്‍ പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്നത്. വീടിന്‍റെ പൂമുഖത്തുള്ള ആലം മരത്തില്‍ പതിക്കുന്ന പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ മുളയില്‍ ആലേഖനം ചെയ്തിരിക്കുന്ന വനദേവതമാരുടെ അസംഖ്യം ചിത്ര ങ്ങളെ പ്രകാശമാനമാക്കുമ്പോഴുണ്ടാകുന്ന ആംപിയന്‍സ് വര്‍ണ്ണനാതീതമാണ്. തികച്ചും സമാധാന പൂര്‍ണ്ണവും ധ്യാനാത്മകവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. വളരെ ചുരുങ്ങിയ ചെലവിലാണ് ഈ വീടൊരുക്കിയതെന്നതും ശ്രദ്ധേയമാണ്. 2500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വീടൊരുക്കാന്‍ 25 ലക്ഷം രൂപ പോലും ചെലവായിട്ടില്ലെന്നതാണ് വസ്തുത. പ്രാദേശികമായി ലഭ്യമായ ചെങ്കല്ലാണ് ചുമര്‍ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്. ജനവാതിലുകളുടെ ചട്ടക്കൂടൊരുക്കാന്‍ സ്റ്റീലിനൊപ്പം മുളയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റ് ഉപയോഗിച്ച് പരുക്കന്‍ മട്ടിലൊരുക്കിയ തറ പോളീഷ് ചെയ്ത് ഗ്ലോസി ഫിനിഷിലാക്കിയിട്ടുണ്ട്. ചുവരിലെ ക്രമരഹിതമായ രേഖകള്‍ ഒരു കലാകാരന്‍റെ സ്വാതന്ത്ര്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. കലാകാരന്‍റെ സര്‍ഗ്ഗാത്മകതയ്ക്ക് അതിര്‍ വരമ്പിടാന്‍ സ്ഥലത്തിനോ സമയത്തിനോ സാധിക്കുകയില്ലെന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഈ വീട്.

Architect: : Ar. Sachin Raj & Ar. Anand.

A Line Studio,

Nithyanandashram -kallanchira road, Hosdurg, Kanhangad, Kerala 671315

Mob :9448049614

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.