Last Updated: July 04, 2022
Special Feature / July 04, 2022
ആര്‍ക്കിടെക്ചര്‍ പഠനവും കരിയറും

"വാസ്തു വിദ്യാ വിദ്യാഭ്യാസം പോലെയുള്ള മറ്റൊരു വിദ്യാഭ്യാസവും ലോകത്ത് ഇല്ല തന്നെ. ഇതില്‍ കൂടെ യാത്ര ചെയ്യുന്നവര്‍ അതുല്യമായ അത്ഭുതങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സജ്ജരാകേണ്ടതുണ്ട്".

പുത്തന്‍ തലമുറയിലെ വളരെയേറെ ആകര്‍ഷണീയമായ ഒരു തൊഴില്‍ മേഖലയാണ് ആര്‍ക്കിടെക്ചര്‍. ഇന്ത്യയിലും വിദേശത്തും അവസരങ്ങള്‍, സ്വന്തമായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ്, സമൂഹത്തില്‍ മാന്യമായ സ്ഥാനം എന്നിവയൊക്കെ ആര്‍ക്കിടെക്ചര്‍ കരിയറിന്‍റെ ചില പ്രത്യേക ആനുകൂല്യങ്ങള്‍ മാത്രം. ലഭ്യമായ സാങ്കേതിക വിദ്യകളുടെ ദ്രുതഗതിയിലുള്ള പരിണാമവും അതിന്‍റെ അനന്തര ഫലങ്ങളും തൊഴിലുമായി ഇവയെ സമന്വയിപ്പിക്കുക കൂടി ചെയ്യുന്നതോടെ ആര്‍ക്കിടെക്റ്റുകള്‍ക്കുള്ള ഭാവി സാധ്യതകള്‍ വളരെ ആകര്‍ഷണീയമായി മാറിയിരിക്കുന്നു.

കഴിഞ്ഞ ചില പതിറ്റാണ്ടുകളായി ഇന്ത്യയിലെ നഗരവല്‍ക്കരണത്തിന്‍റെ ഗതിവിഗതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആവശ്യം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഈ ദ്രുതഗതിയിലുള്ള പുരോഗതി ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ വൈദഗ്ധ്യമുള്ള വ്യക്തികളുടെ ഒരു വലിയ 'ടാസ്ക് ഫോഴ്സിന്‍റെ' ആവശ്യം ഉണ്ടാക്കിയിട്ടുണ്ട്. തന്മൂലം ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വാസ്തു വിദ്യാ വ്യവസായം വാസ്തുവിദ്യയില്‍ ഒരു കരിയര്‍ നിര്‍മ്മിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഏറെ പ്രചോദനം നല്‍കുന്നു. നമ്മള്‍ ജീവിക്കുന്ന ചുറ്റിടങ്ങളില്‍ നാം കാണുന്ന, അനുഭവിക്കുന്ന എല്ലാ ആസൂത്രിത പുരോഗതിയും ഓരോരോ ആര്‍ക്കിടെക്റ്റുകളുടെ സൃഷ്ടിയാണ്. വീടുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങളായ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍, സ്റ്റേഡിയങ്ങള്‍, ഫാക്ടറികള്‍ എന്നുവേണ്ട മനുഷ്യജീവിതം സുഗമമാക്കുന്ന എല്ലാം ഇവയില്‍ ഉള്‍ക്കൊള്ളുന്നു.

കുറഞ്ഞത് അഞ്ചു വര്‍ഷം പ്രാഥമിക പഠനത്തിനും (Bachelors Degree in Architecture) രണ്ടു വര്‍ഷം ഉപരി പഠനത്തിനും (Masters Degree in Architecture) പിന്നെ കുറച്ചുകാലം പ്രായോഗിക പ്രവൃത്തിപരിചയത്തിനും മാറ്റി വെയ്ക്കുകയാണെങ്കില്‍ ഒരു നല്ല ലൈസന്‍സ്ഡ് ആര്‍ക്കിടെക്റ്റ് ആകാന്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് സാധിക്കും. വാസ്തു വിദ്യാ വിദ്യാഭ്യാസം പോലെയുള്ള മറ്റൊരു വിദ്യാഭ്യാസവും ലോകത്ത് ഇല്ല തന്നെ. ഇതില്‍ കൂടെ യാത്ര ചെയ്യുന്നവര്‍ അതുല്യമായ അത്ഭുതങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സജ്ജരാകേണ്ടതുണ്ട്. സര്‍ഗ്ഗാത്മകതയും രൂപകല്‍പനപാടവും ഉള്ള ഒരു കുട്ടിയ്ക്ക് ആര്‍ക്കിടെക്ചര്‍ തന്‍റെ പഠന മേഖലയും തുടര്‍ന്ന് തൊഴില്‍ മേഖലയുമായി സ്വീകരിക്കാവുന്നതാണ്.

ബി.ആര്‍ക്ക് ബിരുദമാണ് ആര്‍ക്കിടെക്റ്റ് ആയി പ്രവര്‍ത്തിച്ചു തുടങ്ങാനുള്ള അടിസ്ഥാനയോഗ്യത. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ന്യൂഡല്‍ഹി നടത്തുന്ന NATA(National Aptitude Test in Architecture) എന്ന അഭിരുചി പരീക്ഷയുടെ സ്കോറും പ്ലസ് ടുവിന്‍റെ മാര്‍ക്കും കൂടി ചേര്‍ത്ത് എന്‍ട്രന്‍സ് കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് കേരളത്തിലെ ആര്‍ക്കിടെക്ചര്‍ കോളേജുകളില്‍ ബി ആര്‍ക്കിന്‍റെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്നത്. സ്വാശ്രയ കോളേജുകളില്‍ അതാത് മാനേജ്മെന്‍റുകള്‍, പേയ്ഡ് സീറ്റുകളും ലഭ്യമാണ്.

യൂണിവേഴ്സിറ്റി പരീക്ഷ പാസ്സായശേഷം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്‍റെ രജിസ്ട്രേഷന്‍ കൂടി ലഭിക്കുന്നതോടെ ഇന്ത്യയിലെവിടെയും പ്രാക്ടീസ് ചെയ്യാനുള്ള ഔദ്യോഗിക അനുമതി ലഭിക്കുന്നു. കരിയറില്‍ വ്യത്യസ്തമായി എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഏറ്റവും ഉചിതമായ പഠനശാഖ തന്നെയാണ് ഇത്.

ലേഖിക: പ്രൊഫ. ഡോ. ബിനുമോള്‍ ടോം ,

ഡിപ്പാര്‍ട്മെന്‍റ് ഓഫ് ആര്‍ക്കിടെക്ചര്‍, ആര്‍ഐറ്റി, കോട്ടയം.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.