Last Updated: July 27, 2026
ആര്‍ക്കിടെക്ചര്‍: മനുഷ്യ പരിണാമത്തിന്‍റെ ഏറ്റവും ക്രിയാത്മകമായ ആവിഷ്കാരം

മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവന്‍റെ ചിന്താശേഷി മാത്രമല്ല. എന്തും ചിന്തിക്കാനുള്ള മനസ്സും എല്ലാ അനുഭൂതികളും അതിന്‍റെ പരമോന്നതയില്‍ അനുഭവിക്കാന്‍ കെല്പുള്ള അവബോധവും ജീവപരിണാമത്തിന്‍റെ ഏറ്റവും സങ്കീര്‍ണമായ തുടര്‍ച്ചയിലാണ് മനുഷ്യവംശത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. മുന്നേ കാടുകളില്‍ ചെറിയ കൂട്ടങ്ങളില്‍ നിലനില്പിന് വേണ്ടി മല്ലടിച്ചിരുന്ന മനുഷ്യര്‍ ഇന്ന് ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ഒരു മഹാവംശമായി മാറിയിരിക്കുകയാണ്.

ജീവന്‍റെ നിലനില്പ് ഒരു വെല്ലുവിളിയല്ലാതായി മാറുമ്പോഴാണ്, ജീവിതത്തിന്‍റെ ഗുണപരതയില്‍ ഊന്നി ജീവന്‍ സാധ്യമാവുന്നത്. വരയും സംഗീതവും, നൃത്തവും, കാവ്യവും, ശില്പവുമെല്ലാം മനുഷ്യന്‍റെ ക്രിയാത്മകമായ മാനങ്ങളെ ഉണര്‍ത്തുന്നു. അതിലൂടെ ജീവിതം കൂടുതല്‍ സര്‍ഗാത്മകവും ആസ്വാദ്യവുമായി മാറുന്നു. ആര്‍ക്കിടെക്റ്റ് എന്നതിലുപരി ഒരു മനുഷ്യനെന്ന നിലയില്‍ ആ മാറ്റത്തിന്‍റെ ഏറ്റവും ഉയര്‍ന്ന തലമായിട്ടാണ് ഞാന്‍ വാസ്തുകലയെ നോക്കി കാണുന്നത്.

കലാവാസനയുടെയും ശാസ്ത്ര ബോധത്തിന്‍റെയും നദികള്‍ ഇഴുകിച്ചേരുമ്പോഴാണ് ആര്‍ക്കിടെക്ചര്‍ ഉത്ഭവിക്കുന്നത്. കല മനുഷ്യന്‍റെ അന്തര്‍ഗതങ്ങളെ ഉന്മാദിപ്പിക്കുമ്പോള്‍, ശാസ്ത്രം അത് അനുവദനീയമാക്കുന്ന ബാഹ്യമായ സാഹചര്യങ്ങളാല്‍ അവനെ പ്രാപ്തനാക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കിടെക്ചര്‍ മനുഷ്യ ജീവിതത്തിന്‍റെ എല്ലാ മാനങ്ങളെയും ഒന്നിച്ച് സ്പര്‍ശിക്കുന്നു. മനുഷ്യന്‍ എന്ന നിലയില്‍ അവന്‍റെ പരിപൂര്‍ണത കൈവരിക്കാന്‍,അവന്‍റെ അസ്ഥിത്വങ്ങളിലേക്ക് തന്നെ ഇറങ്ങി ചെല്ലാന്‍, നമ്മള്‍ എല്ലാവരും തേടിക്കൊണ്ടിരിക്കുന്ന സമാധാനം എന്ന നിശ്ശബ്ദത അനുഭവിക്കാന്‍ അവസരമൊരുക്കുന്ന ഏറ്റവും അവസാനത്തെ പടിയാണ് ആര്‍ക്കിടെക്ചര്‍. പക്ഷേ ആ തലത്തിലേക്ക് എത്താന്‍ അവന് ഒരു പാട് പടികള്‍ കയറേതായിട്ടുണ്ട്. ബന്ധുക്കളുടെയും നാട്ടുകാരുടെയും അംഗീകാരത്തിന് വേണ്ടി മനുഷ്യന്‍ കോടികള്‍ മുടക്കി പണിയുന്ന തന്‍റെ വീട്ടില്‍ പോലും അവന് പലപ്പോഴും മന:സമാധാനം കിട്ടാറില്ല.

കേവല അടിസ്ഥാന അതിജീവനം എന്ന പരിമിത അവസ്ഥ തരണം ചെയ്തപ്പോള്‍ മനുഷ്യന് ജീവിതത്തില്‍ ഒഴിവ് സമയം കിട്ടാന്‍ തുടങ്ങി. ഈ അധിക സമയത്തിന്‍റെ മൂല്യം, അത് തുറന്ന വിശാലത, അതില്‍ അടങ്ങിയിരിക്കുന്ന മനോഹാരിത, താന്‍ എന്ന സത്യത്തിന്‍റെ അജ്ഞത എന്നിവയൊക്കെ കറയില്ലാതെ അനുഭവിച്ചറിയാന്‍ വളരെ കുറച്ച് മനുഷ്യര്‍ക്ക് മാത്രമേ മനുഷ്യ ചരിത്രത്തില്‍ പറ്റിയിട്ടുള്ളു. ആ ഇടം അടുത്തറിയുക ദുഷ്കരമാണെന്നതല്ല അതിന് കാരണം, മറിച്ച് മനുഷ്യന് എന്നും പരിചിതം സ്വന്തം നിലനില്പിന് വേണ്ടിയുള്ള നിലക്കാത്ത ഓട്ടം മാത്രമായിരുന്നു എന്നതാണ്. അത് അവന്‍ ഇപ്പോഴും തുടരുന്നു. ആയുധങ്ങള്‍ ഉണ്ടാക്കാനും, യുദ്ധം ചെയ്യാനും, മറ്റുള്ളവരെ ഭരിക്കാനും, കൊള്ളയടിക്കാനും, കൊല്ലാനും വേണ്ടി ആ സമയം വിനിയോഗിക്കുന്നു. അവനവനാണ് ഏറ്റവും വലിയവനെന്ന ആഗ്രഹചിന്ത അവനെ പ്രകൃതിയില്‍ നിന്നും, അവനവന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകറ്റി. ഈ അകലം അടുത്ത് അതിര്‍വരമ്പുകള്‍ മായാത്ത പക്ഷം മനുഷ്യന്‍ എന്ത് ചെയ്തിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ല.

- ആര്‍ക്കിടെക്റ്റ് സച്ചിന്‍ രാജ്,

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2025-2026 © Designer Publications Kerala Pvt.Ltd.. All Rights Reserved.