Last Updated: February 07, 2024
നമുക്ക് ചുറ്റുമുള്ള നിര്‍മ്മിതികളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ വെളിവാക്കുന്ന ആ 13 പടവുകള്‍!

വാസ്തുശില്പങ്ങള്‍ രൂപകല്പന ചെയ്യുക എന്നത് വളരെ അപകടം പിടിച്ച ഒരു ജോലിയാണ്. ഒരു എഴുത്തുകാരന്‍ ഒരു ചീത്ത പുസ്തകം എഴുതിയാല്‍, ആളുകള്‍ അത് വായിക്കില്ലെന്നേയുള്ളൂ. അതേസമയം നിങ്ങള്‍ അപാകതകളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചാല്‍ ആ വൃത്തികേട് ചുരുങ്ങിയത് 100 വര്‍ഷമെങ്കിലും അവിടെ നിലനില്‍ ക്കും" എന്നാണ് 'ചേഞ്ചസ് & ആര്‍ട്ട് ഓഫ് മേക്കിങ് ബില്‍ഡിങ്സ്' എന്ന തലക്കെട്ടിലുള്ള ചിന്താ സരണികളില്‍ റെന്‍സോ പിയാനോ സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നാം അതില്‍ നിന്നൊക്കെ ഒരു പടി കൂടി കടന്ന് ചിന്തിക്കേണ്ട സാഹചര്യങ്ങളാണ് ഈയിടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. അപാകതകള്‍ ഉള്ള നിര്‍മ്മിതി പരിസരം വൃത്തികേടാക്കുമെന്ന് മാത്രമേ റെന്‍സോ പിയാനോ പറഞ്ഞുള്ളൂ. എന്നാല്‍ അത്തരം നിര്‍മ്മിതികള്‍ നിഷ്കളങ്കരായ ഉപയോക്താക്കളെ കൊലയ്ക്ക് കൊടുക്കും എന്ന് തന്നെ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അടുത്തിടെ നടന്ന അത്യാഹിതത്തിന്‍റെ പശ്ചാത്ത ലത്തില്‍ നമുക്ക് പറയേണ്ടിവരും. നിര്‍മ്മാണ രീതികളിലെ അപകടകരമായ പ്രവണതകളെ കുറിച്ചും കെട്ടിടങ്ങള്‍ അപകടകരമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ചും ഒരു പുനര്‍വിചിന്തനം അനിവാര്യമാണെന്നാണ് ആ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. പരിപാടി സൗകര്യപ്രദമായി നടത്താന്‍ വേണ്ടി ആ ഓപ്പണ്‍ എയര്‍ തീയേറ്ററിലേക്ക് വെയിലും മഴയും കടക്കാതിരിക്കാനുള്ള മേല്‍ ക്കൂര സ്ഥാപിക്കാനും സൗകര്യാര്‍ത്ഥം വശങ്ങള്‍ കെട്ടിയടയ്ക്കാനുമുള്ള തീരുമാനം കൈക്കൊണ്ട ആ വ്യക്തി, എന്‍ജിനീയറോ ആര്‍ക്കിടെക്റ്റോ ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹി ക്കുന്ന ഒരു സാധാരണക്കാരനോ ആരാണ് എങ്കിലും; ആ ഓപ്പണ്‍ എയര്‍ തീയേറ്ററിന്‍റെ ക്രിയാത്മകതയെയും സുരക്ഷിതത്വത്തെയും വെല്ലുവിളിക്കുന്ന ആ തീരുമാനം കൈക്കൊണ്ടതിലൂടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ വ്യവസ്ഥാപിതമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അതിലൂടെ ഒരു മഹാദുരന്ത ത്തിന് കാരണക്കാരന്‍ ആയിരിക്കുകയുമാണ്. ലാന്‍ഡിങ് സ്പേസുകള്‍ ഒന്നുമില്ലാതെ 13 പടവുകളിലേക്ക് നേരിട്ട് നയിക്കുന്ന ആ അടച്ചിട്ട ഗ്രില്ല് ഏതെങ്കിലും സാധാരണ ദിവസം ഒറ്റയ്ക്ക് നടക്കുന്ന ഒരു വ്യക്തിയെ പോലും അപകടത്തില്‍ പെടുത്താന്‍ പര്യാപ്തമാണെന്നിരിക്കേ, അഭിശപ്തമായ ആ സൂര്യാസ്തമന വേളയില്‍ സംഗീതനിശ ആസ്വദിക്കുന്നതിനു വേണ്ടി തിക്കിത്തിരക്കിയെത്തിയ വമ്പന്‍ പുരുഷാരത്തിന്‍റെ ദുര്യോഗത്തെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. അനാരോഗ്യകരമായ ഇത്തരം നിര്‍മ്മാണ പ്രവണതകള്‍ക്ക് തടയിടണമെങ്കില്‍ ആര്‍ക്കിടെക്റ്റുകളും എന്‍ജിനീയര്‍മാരും കോണ്‍ട്രാക്ടര്‍മാരും നിര്‍മ്മാണ മേഖലയിലെ മറ്റ് പ്രൊഫഷണലുകളും, സുരക്ഷയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തുകൊണ്ട് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുകയും കുറ്റമറ്റ നിര്‍ മ്മാണ രീതികള്‍ പിന്തുടരുകയും വേണം. പതിവ് പരിശോധനകള്‍, നിലവാരനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, പുത്തന്‍ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണം എന്നിവ സുരക്ഷിതവും കണക്കുകള്‍ കൃത്യമായി പാലിക്കുന്നതുമായ നിര്‍മിതികള്‍ക്ക് വഴിയൊരുക്കും. അപകടസാധ്യതകള്‍ ലഘൂകരിക്കാനും കൃത്യത ഉറപ്പുവരുത്താനും കെട്ടിട ഉടമകള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താനും നിയമാനുസൃതമായ പരിശോധനകള്‍ നടത്താനും നിര്‍മ്മിതികള്‍ വിലയിരുത്താനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നേ മതിയാകൂ.

- ഡോ. ബിനുമോള്‍ ടോം

(പ്രൊഫസര്‍ & ഡീന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (RIT), കോട്ടയം )

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.