Last Updated: June 26, 2026

ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസരംഗം പഴയ പ്രതാപം വീണ്ടെടുക്കണം

കേരളത്തിലെ ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസരംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഒരു ഡസനില്‍ അധികം കോളേജുകള്‍ അടച്ചുപൂട്ടി. പലതും പതനത്തിന്‍റെ വക്കിലാണ്. വളരെയധികം തൊഴില്‍ സാധ്യത ഉണ്ടായിട്ടും വാസ്തുവിദ്യാ രംഗത്തേക്ക് വിദ്യാര്‍ത്ഥികള്‍ കടന്നു വരാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്. ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളാണ് വാസ്തുവിദ്യ തെരഞ്ഞെടുത്തിരുന്നത്. പിന്നീട് കൂണുപോലെ മുളച്ചുപൊന്തിയ നിരവധി ആര്‍ക്കിടെക്ചര്‍ കോളേജുകള്‍ ഇതിന്‍റെ നിലവാര തകര്‍ച്ചയ്ക്ക് കാരണമായി. പല സ്ഥാപനങ്ങള്‍ക്കും വേണ്ടത്ര പശ്ചാത്തല സൗകര്യങ്ങളോ ആവശ്യത്തിന് അദ്ധ്യാപകരോ ഇല്ലായിരുന്നു. മൂല്യ ശോഷണവും നിലവാരം ഇല്ലായ്മയും തൊഴില്‍ രംഗത്ത് അവമതിപ്പു ണ്ടാക്കി. വിവരമില്ലാത്ത വാസ്തുശില്പികളെ പടച്ചുവിടുന്ന നിരവധി സ്ഥാപനങ്ങള്‍ ഈ തളര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും കാരണമായി. വാസ്തുരംഗത്തെ നിരവധി തൊഴില്‍, വരുമാന സാധ്യതകളെ കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ സൃഷ്ടിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ പരാജയപ്പെട്ടു. വാസ്തുവിദ്യാരംഗത്ത് വിജയമുദ്ര പതിപ്പിച്ച നിരവധി താരങ്ങള്‍ ഉണ്ടായിട്ടും ഈ മേഖലയുടെ പ്രാധാന്യം ചോര്‍ന്നു പോയി. എന്തായാലും കാലത്തിന്‍റെ കാവ്യനീതി പോലെ, ഗുണനിലവാരവും ആത്മാര്‍ത്ഥതയും ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന അവസ്ഥ സംജാതമായി. അവശേഷിക്കുന്ന സ്ഥാപനങ്ങളെങ്കിലും വാസ്തുവിദ്യാ രംഗത്തെ മേന്മയും സത്യസന്ധതയും നിലനിര്‍ത്തി പോന്നില്ലെങ്കില്‍ വിദ്യാഭ്യാസരംഗം വീണ്ടും കൂപ്പുകുത്തും. വിദ്യാര്‍ത്ഥികള്‍ വിദേശ കലാലയങ്ങള്‍ തേടിപ്പോകുന്ന അവസ്ഥയും സ്തോഭജനകമാണ്. ഉന്നത നിലവാരവും യോഗ്യതകളും ഉള്ള അദ്ധ്യാപകരും വിരളമായി. ഇതെല്ലാം പരിഹരിച്ച് വിദ്യാഭ്യാസരംഗം തിളക്കമാര്‍ന്ന പഴയകാലത്തിലേക്ക് തിരിച്ചെത്തണം. അത് സമൂഹത്തിന്‍റെയും വിശിഷ്യാ വിജയിച്ച വാസ്തുശില്പികളുടെയും ഉത്തരവാദിത്വമാണ്.

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
Gloster Cables

Quick Links

2025-2026© Designer Publications Kerala Pvt.Ltd.. All Rights Reserved.