ലാളിത്യത്തിന്‍റെ മനോഹാരിതയ്ക്കൊപ്പം
പരമ്പരാഗത - ആധുനിക ഡിസൈന്‍ ഘടകങ്ങള്‍ ചേരുന്ന ഒറ്റനില വസതി
പല ശാഖകളായി പടര്‍ന്നു പോകുന്ന വൃക്ഷം പോലെ, എങ്ങും ചേക്കേറാന്‍ ഇടങ്ങള്‍ കരുതിയിരിക്കുന്ന മനോഹരമായ പാര്‍പ്പിടം. ഒറ്റ നിലയിലുള്ള ഈ മനോഹര സൗധം കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ്. വിശാലമായ സ്ഥലത്ത്, ലാളിത്യത്തിന്‍റെ മനോഹാരിതയോടെ ഒരുക്കിയിരിക്കുന്ന ഈ വീട്, ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം, പാരമ്പര്യാംശങ്ങളെയും ഒരു പോലെ പുണര്‍ന്നു കൊണ്ട് നിലകൊള്ളുന്നു. പ്രാദേശിക പ്രത്യേകതകള്‍, കാലാവസ്ഥ എന്നിവയെല്ലാം പരിഗണിച്ചതു കൊണ്ട് എല്ലാ ഭാഗത്തും സ്ലോപ്പ് റൂഫ് തന്നെ തുടരുന്നു. പച്ചപ്പ്, ലാളിത്യം, പരമാവധി തുറന്ന ഇടങ്ങള്‍ എന്നിവയുടെയെല്ലാം സൗന്ദര്യാത്മകമായ ലയനമാണ് ഈ വീട്.
സ്പേസുകളുടെ പല മേഖലകള്‍ തിരിച്ചുള്ള വിന്യാസം ഇടങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ആര്‍ക്കിടെക്റ്റ് ജോസൂ ബി സെബാസ്റ്റ്യന്‍, ആര്‍ക്കിടെക്റ്റ് കോളിന്‍ ജോസ് തോമസ് (മെക്ടെറ ആര്‍ക്കിടെക്റ്റ്സ് & ഡിസൈനേഴ്സ്, കൊച്ചി) എന്നിവര്‍ ചേര്‍ന്നാണ് ഈ വീടിന്‍റെ രൂപകല്‍പ്പന ഒരുക്കിയത്. മന്‍സൂര്‍ അഹമ്മദിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള വീട് 45 സെന്‍റ് സ്ഥലത്ത് 5200 സ്ക്വയര്‍ഫീറ്റിലാണുള്ളത്. കണ്ണിന് വിരുന്നാകുന്ന മനോഹരമായ ലാന്‍ഡ്സ്കേപ്പ് വീടിന്‍റെ ഭംഗിയ്ക്ക് പൂരകമായി വരുന്നു.
മുഴുനീളത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വീടിന്‍റെ ഏതാണ്ട് മധ്യഭാഗത്തു നിന്നാണ് പ്രധാന പ്രവേശനം. വീടിന്‍റെ പൊതുവെയുള്ള നീണ്ട പ്രകൃതത്തില്‍ നിന്ന് വിട്ടുമാറിനില്‍ക്കുന്ന മട്ടിലാണ് ട്രസ് വര്‍ക്കിനുമേല്‍ ഓടു പാകിയ കാര്‍ പോര്‍ച്ച്. ഇവിടെ നിന്ന് സിറ്റൗട്ടിലേക്കാണ് പ്രവേശനം. പോര്‍ച്ചിന്‍റെ ഇരുവശങ്ങളിലും ആന്തൂറിയം, കലാത്തിയ ലൂട്ടിയ തുടങ്ങിയ ചെടികളുടെ സമൃദ്ധി കാണാം. പ്രൈവറ്റ്, സെമി പ്രൈവറ്റ്, പബ്ലിക്ക് സോണുകളായാണ് സ്പേസുകള്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. കാര്‍പോര്‍ച്ചിനു പുറമേ, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, പ്രെയര്‍ റൂം, അബ്ലൂഷന്‍ ഏരിയ, കോര്‍ട്ട്യാര്‍ഡ്, ഫാമിലി ലിവിങ്, പാന്‍ട്രി, ഡൈനിങ്, വാഷ് ഏരിയ, യൂട്ടിലിറ്റി സര്‍വ്വീസ് ഏരിയകള്‍, കിച്ചന്‍, വര്‍ക്കേരിയ, സ്റ്റോര്‍, മള്‍ട്ടിപ്പര്‍പ്പസ് ഏരിയ, റിലാക്സ് - പ്ലേ ഏരിയ,ആക്റ്റിവിറ്റി സോണ്‍, ബാത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍, വര്‍ക്ക് സ്പേസ് എന്നിവയാണ് ഇടങ്ങള്‍. മധ്യഭാഗത്തായി പബ്ലിക്ക് സോണ്‍ വരുന്നു. പബ്ലിക്ക് ഏരിയയുടെ വലതു വശത്തായി സെമി പ്രൈവറ്റ് സ്പേസും, ഇടതുഭാഗത്തായി പ്രൈവറ്റ് സോണും ഒരുക്കിയിരിക്കുന്നു. പാരന്‍റ്സ് ബെഡ്റൂം മാത്രം അടുക്കളയോടു ചേര്‍ന്ന സെമി പ്രൈവറ്റ് ഏരിയയിലും മറ്റു ബെഡ്റൂമുകളും ആക്റ്റിവിറ്റി ഏരിയകളുമെല്ലാം പ്രൈവറ്റ് സോണിലും ഉള്‍പ്പെടുന്നു. മികവുറ്റ ഫര്‍ണിഷിങ്ങില്‍ കേന്ദ്രീകരിച്ചുള്ള, ലാളിത്യത്തിന്‍റെ ഡിസൈന്‍ മികവാണ് അകത്തളത്തിലെങ്ങും കാണുന്നത്. ശ്രദ്ധ ക്ഷണിക്കുന്ന ഡിസൈന്‍ എലമെന്‍റുകള്‍ വളരെ കുറവുമാത്രമേ ഉപയോഗിച്ചിട്ടുള്ളു. തടിപ്പണികള്‍ക്ക് ടീക്ക് വുഡും ഫ്ളോറിങ്ങിന് മാറ്റ് ഫിനിഷ് ടൈലുമാണ് തെരഞ്ഞെടുത്തത്. കസ്റ്റമൈസ് ചെയ്തെടുത്ത ഫര്‍ണിച്ചറിനു പുറമേ ചിലയിടങ്ങളില്‍ റെഡിമെയ്ഡ് ഫര്‍ണിച്ചറും തെരഞ്ഞെടുത്തു.
ബെഡ്റൂമുകളിലെ ഉള്‍പ്പെടെ, സ്റ്റോറേജ് യൂണിറ്റുകളും ഡ്രൈസിങ് ഏരിയകളുമെല്ലാം ഒരുക്കാന്‍ പ്ലൈവുഡ് - ലാമിനേഷനാണ് ഉപയോഗിച്ചത്. കാറ്റ്, വെളിച്ചം, പച്ചപ്പ്, തുറസായ വിശാലത എന്നിവയെല്ലാം പരമാവധി അനുഭവിക്കാവുന്ന വിധത്തിലാണ് സ്പേസുകളെയെല്ലാം കൂട്ടിയിണക്കിയിരിക്കുന്നത്. നാലു ബെഡ്റൂമുകളും ലളിതമായി ഡിസൈന്‍ ചെയ്തു. ലൈറ്റിങ്, വാള്‍ ഹൈലൈറ്റുകള്‍, സീലിങ് വര്‍ക്കുകള്‍ എന്നിവയെല്ലാം വളരെ മിനിമല്‍ രീതിയിലാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ട്രഡീഷനും ആധുനികതയും സംഗമിക്കുന്ന അലസഗംഭീര അനുഭവം തന്നെയാണ് ഈ ഭവനം.
Client: Mansoor Ahamed & Family
Architects:Ar. Collin Jose Thomas, Ar. Josu B Sebastian
Designers :McTERRA Architects & Designers
Ground Floor, Plot no: 32
Mavelipuram East, Kakkanad
Kochi- 682030
Mob: 7356995456
ഫോണ്‍ / Phone :7356995456
ക്ലയന്‍റ് / Client: Mansoor Ahamed
ലൊക്കേഷന്‍ / Location: Oachira, Kollam
ഏരിയ / Area:5200 sqft.
പ്ലോട്ട് / Plot: 15 സെന്‍റ് /Cent