Last Updated: November 30, 2025

ഉള്ളടക്കത്തിന് അനുരൂപമായിരിക്കണം പുറംചട്ട

ഏതൊരു വസ്തുവിന്‍റെയും സാരം അതിന്‍റെ ഉള്ളടക്കമാണ്. പുറംചട്ടയുടെ ഭംഗിയില്‍ മാത്രം ഒന്നിന്‍റെയും സ്വഭാവം തിരിച്ചറിയാന്‍ സാധ്യമല്ല. വാസ്തു ശില്പങ്ങളുടെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. കെട്ടിടങ്ങളുടെ ധര്‍മ്മം യഥാവിധം ഉപയുക്തമാകുമ്പോഴാണ് വാസ്തു ശില്പം സാര്‍ത്ഥകമാകുന്നത്. എന്നാല്‍ കണ്ണിന് കുളിരേകും വിധം പുറംമോടി ഒരുക്കുമ്പോഴാണ് കെട്ടിടങ്ങള്‍ ആകര്‍ഷകമാകുന്നത്. അതായത് അകവും പുറവും പരസ്പര പൂരകങ്ങളായിരിക്കണം. പൊതിച്ചോറിന്‍റെ പൊതിയിലും ഭക്ഷണത്തിന്‍റെ രുചിയിലും ഒരുപോലെ ആകൃഷ്ടരാകുന്നവയാണ് നമ്മുടെ ഇന്ദ്രിയങ്ങള്‍. ഭക്ഷണത്തിന്‍റെ ലക്ഷ്യം വിശപ്പടക്കലും ആരോഗ്യം പ്രദാനം ചെയ്യലും ആണെങ്കിലും അതു വിളമ്പുന്ന പാത്രത്തിന്‍റെ ഭംഗിയും രുചി കൂട്ടും. പക്ഷേ പലപ്പോഴും ഭക്ഷണത്തിന്‍റെ രുചിയേക്കാള്‍ പൊതിച്ചിലിന് പ്രാധാന്യം കൊടുക്കുന്നത് പോലെ കെട്ടിടത്തിന്‍റെ പ്രാഥമിക ഉദ്ദേശ്യത്തേക്കാള്‍ പുറംമോടിക്ക് പ്രാധാന്യം നല്‍കുന്ന രചനാ ശൈലി പല തലങ്ങളിലും പ്രബലമാണ്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. ഏറ്റവും അഭികാമ്യം ഉള്ളടക്കത്തിന് അനുരൂപമായി ഉരുത്തിരിഞ്ഞു വരുന്ന പുറംചട്ടയാണ്. ഇത് ഒരുതരം ജൈവ പരിണാമമാണ്. വാസ്തു ശില്പങ്ങളിലേക്ക് പ്രാണന്‍ ആവാഹിച്ചെടുക്കുവാന്‍ കെല്‍പ്പുള്ളവര്‍ക്കേ ഈ പ്രവൃത്തി സാധ്യമാകൂ. അല്ലെങ്കില്‍ യാന്ത്രികമായ ഒട്ടിപ്പുകള്‍ ആയി മാറും. സൗന്ദര്യ സിദ്ധാന്തങ്ങളുടെ വിശകലനം പലപ്പോഴും യുക്തിക്ക് സാധ്യമാകുന്ന ഒന്നല്ല. അതുകൊണ്ട് പൊതിച്ചോറിന്‍റെ വാസ്തുശാസ്ത്രം സാമാന്യവല്‍ക്കരിക്കുവാന്‍ സാധിക്കുകയില്ല. നിരന്തരമായ സമര്‍പ്പണത്തിലൂടെ വാസ്തുശില്പികള്‍ നേടിയെടുക്കേണ്ട ഒരു സിദ്ധിയാണിത്.

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
Gloster_Cables

Quick Links

2024-2025© Designer Publications Kerala Pvt.Ltd.. All Rights Reserved.