Last Updated: September 25, 2026
| Ar.Anoop K Nair / September 25, 2026
Ar.Dhanush Vayalambron

ആര്‍ക്കിടെക്ചര്‍ ഒരു ആഡംബര സേവനമല്ല,സാമൂഹിക ഉപാധിയാണ്

കേരളത്തിലെ ആര്‍ക്കിടെക്ചറല്‍ രംഗം ഇന്ന് ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുങ്കെിലും, സമൂഹത്തിന്‍റെ ആവശ്യങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട ചില മേഖലകള്‍ ഇപ്പോഴും നില നില്‍ക്കുന്നു. ഇന്നും കേരളത്തില്‍ ആര്‍ക്കിടെക്റ്റുകളുടെ സേവനം പ്രധാനമായും സാമ്പത്തികമായി ഉയര്‍ന്ന വിഭാഗക്കാര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മധ്യവര്‍ഗ്ഗത്തിന് ആര്‍ക്കിടെക്റ്റിന്‍റെ സേവനം ഇപ്പോഴും അപ്രാപ്യമായ ഒന്നായി തോന്നുന്നു. അതിന്‍റെ ഫലമായി, മികച്ച സ്പേഷ്യല്‍ ക്വാളിറ്റിയും ജീവിതനിലവാരവും നല്‍കാന്‍ കഴിയുന്ന ഡിസൈന്‍ സാധ്യതകള്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ലഭിക്കാതെ പോകുന്നു. കുറഞ്ഞ ബജറ്റിലും, മികച്ച സ്പേസ് പ്ലാനിങ്ങും പ്ര കൃതിയോട് ഇണങ്ങുന്ന ഡിസൈനും സൃഷ്ടിക്കാന്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് കഴിയും. അതിനാല്‍ കൂടുതല്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളിലേക്ക് എത്തിച്ചേരാനും, അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാനും ആര്‍ക്കിടെക്റ്റുകള്‍ തയ്യാറാകണം; തിരിച്ചും! ആര്‍ക്കിടെക്ചര്‍ ഒരു ആഡംബര സേവനമല്ല, ജീവിതത്തിന്‍റെ ഗുണമേന്മ ഉയര്‍ത്തുന്ന ഒരു സാമൂഹിക ഉപാധിയാണെന്ന ബോധം സമൂഹത്തിലും പ്രൊഫഷനിലും വളരേതുണ്ട്.

കേരളത്തില്‍ പ്രൈവറ്റ് പ്രോജക്റ്റുകളുടെ കാര്യത്തില്‍ ശ്രദ്ധേയമായ ആര്‍ക്കിടെക്ചറല്‍ നിലവാരം കാണാന്‍ കഴിയുന്നുങ്കെിലും, പൊതുമേഖലാ കെട്ടിടങ്ങളുടെയും പദ്ധതികളുടെയും കാര്യത്തില്‍ ഇപ്പോഴും വലിയ പോരായ്മകള്‍ നിലനില്‍ക്കുന്നു. പല പൊതുകെട്ടിടങ്ങളും നിര്‍മ്മിക്കപ്പെടുമ്പോള്‍, ഉപയോക്തൃ അനുഭവം, പരിസ്ഥിതിയോട് പൊരുത്തപ്പെടല്‍, സാമൂഹിക ഇടപെടലുകള്‍ക്ക് അവസരം സൃഷ്ടിക്കല്‍ തുടങ്ങിയ ആര്‍ക്കിടെക്ചറിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. തീര്‍ച്ചയായും ഇതില്‍ സര്‍ക്കാര്‍ തലത്തിലുള്ള നയപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അതോടൊപ്പം ആര്‍ക്കിടെക്റ്റുകള്‍ പൊതുമേഖലയുമായി കൂടുതല്‍ ഇടപഴകുകയും, തങ്ങളുടെ അറിവും കഴിവും ആ മേഖലയിലേക്ക് എത്തിക്കുകയും വേണം.

കേരളത്തിന്‍റെ സാമൂഹിക ഘടനയില്‍ ഇന്ന് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. യുവതലമുറയിലെ പലരും വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ തൊഴില്‍ തേടി പോകുന്നു. അവരില്‍ പലരും അവിടങ്ങളില്‍ സ്ഥിരതാമസമാകുകയും ചെയ്യുന്നു. അതേസമയം, പ്രായമായ മാതാപിതാക്കളും കുടുംബാംഗങ്ങളും കേരളത്തില്‍ തന്നെ തുടരുന്ന സാഹചര്യം വര്‍ധിച്ചുവരികയാണ്. കമ്മ്യൂണിറ്റി ലിവിങ് എന്ന ആശയം ഇവിടെ വളരെ പ്രസക്തമാണ്. ഓരോ കുടുംബത്തിനും സ്വകാര്യത ഉറപ്പാക്കിക്കൊണ്ട്, അതോടൊപ്പം പരസ്പര ഇടപെടലുകള്‍ക്കും സഹവര്‍ത്തിത്വത്തിനും അവസരം നല്‍കുന്ന താമസസമുച്ചയങ്ങളും പാര്‍പ്പിട മാതൃകകളും വികസിപ്പിക്കേതുണ്ട്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷയും സാമൂഹിക ബന്ധങ്ങളും ഉറപ്പാക്കുന്ന ഇടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും.

ആര്‍ക്കിടെക്ചര്‍ എന്നത് കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്ന ഒരു തൊഴില്‍മേഖലയല്ല. അത് സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്ന ഒരു സാംസ്കാരികവും സാമൂഹികവുമായ ഇടപെടലാണ്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍, ആര്‍ക്കിടെക്റ്റുകള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സേവനങ്ങള്‍ നല്‍കുകയും, പൊതുമേഖലാ പദ്ധതികളില്‍ സജീവ പങ്കാളികളാവുകയും, പുതിയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ചുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത ജീവിതരീതികള്‍ക്ക് രൂപം നല്‍കുകയും വേണം.

ഈ മൂന്ന് മേഖലകളിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് ആര്‍ക്കിടെക്ചറിന് സമൂഹത്തിന് ഒരു പ്രത്യേക വിഭാഗത്തിനുള്ള സേവനമെന്ന പരിധി വിട്ട്, കേരളത്തിന്‍റെ സമഗ്ര വികസനത്തിന് സംഭാവന ചെയ്യുന്ന ഒരു ശക്തിയായി മാറാന്‍ കഴിയുക.

ആര്‍ക്കിടെക്റ്റ് അനൂപ് കെ നായര്‍

ആര്‍ട്ട് ഓണ്‍ ആര്‍ക്കിടെക്ചര്‍, തൃശ്ശൂര്‍ .

Documented by : Designer Publications .

E-mail: info@designerpublications.com

Newsletter

Subscribe our latest news/publications.

www.designerpublications.com
Kerala Paints

Quick Links

2022-2026 © Designer Publications Kerala Pvt.Ltd.. All Rights Reserved.