Last Updated: February 08, 2023
വാസ്തുകലാ കുലപതി ബി വി ദോഷിയ്ക്ക് പ്രണാമം

പ്രമുഖ ഇന്ത്യന്‍ വാസ്തുശില്പിയും പ്രിറ്റ്സ്കര്‍ പുരസ്ക്കാര ജേതാവുമായ ഡോ. ബാലകൃഷ്ണ ദോഷി (95) ജനുവരി മാസം 24ാം തീയതി അന്തരിച്ചു. 1957-ല്‍ പ്രവര്‍ത്തനമാരംഭിച്ച വാസ്തുശില്‍പ്പ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്‍റെ അമരക്കാരനായ അദ്ദേഹത്തെ രാജ്യം പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്ക്കാരങ്ങളും നല്‍കി ആദരിച്ചിട്ടുണ്ട്. ബാലകൃഷ്ണ വിതല്‍ദാസ് ദോഷി എന്ന ബി.വി ദോഷിക്ക് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്ക്കാരമായ പദ്മവിഭൂഷണ്‍ മരണാനന്തര ബഹുമതിയായാണ് ലഭിച്ചത്. ആര്‍ക്കിടെക്ചര്‍ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കര്‍ പുരസ്ക്കാരവും ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നല്‍കുന്ന റോയല്‍ ഗോള്‍ഡ് പുരസ്ക്കാരവും കരസ്ഥമാക്കിയ അപൂര്‍വം വ്യക്തികളിലൊരാള്‍ കൂടിയാണ് ഇദ്ദേഹം. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന് 2022 മെയ് മാസത്തിലാണ് റോയല്‍ ഗോള്‍ഡ് പുരസ്ക്കാരം ലഭിച്ചത്. 2018-ല്‍ പ്രിറ്റ്സ്കര്‍ പുരസ്ക്കാരം നേടിയ ദോഷി അഹമ്മദാബാദിലെ ഏറെ പ്രശസ്തമായ പല നിര്‍മ്മിതികളുടെയും സൃഷ്ടാവാണ്. ഇന്‍ഡോറിലെ ആരണ്യ ലോ കോസ്റ്റ് ഹൗസിങ് ഡെവലപ്പ്മെന്‍റിന്‍റെ രൂപകല്‍പ്പന അദ്ദേഹത്തിന് ആഗാഖാന്‍ വാസ്തുകലാ പുരസ്ക്കാരം നേടിക്കൊടുത്തിട്ടുണ്ട്. ചണ്ഡീഗഡ് നഗരത്തിലും മഹാനായ ഈ വാസ്തുശില്പിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഫ്ളെയിം യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെയും ഉദയ്പൂരിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആസ്ഥാനങ്ങള്‍, ചകഎഠ ഡല്‍ഹി, അഹമ്മദാബാദ് ഗുഫ, സെപ്റ്റ് യൂണിവേഴ്സിറ്റി എന്നിവയും അദ്ദേഹത്തിന്‍റെ പ്രമുഖ നിര്‍മ്മിതികളില്‍ പെടുന്നു.

പുണെയിലെ ഒരു സാധാരണ ഗുജറാത്തി കുടുംബത്തില്‍ 1927 ഓഗസ്റ്റ് 26-ന് ആണ് അദ്ദേഹം ജനിച്ചത്. മുംബൈയിലെ ജെ.ജെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ബി.ആര്‍ക്ക് ബിരുദം നേടിയ ദോഷി സ്കോളര്‍ഷിപ്പോടു കൂടി ഉപരിപഠനാര്‍ത്ഥം ലണ്ടനിലേക്ക് പോയി. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1951 മുതല്‍ 1954 വരെ പാരീസില്‍ പ്രമുഖ വാസ്തുശില്പിയായ ലേ കോര്‍ബൂസിയറുടെ കീഴില്‍ സീനിയര്‍ ഡിസൈനറായി ജോലി ചെയ്തു.

ഇതേ തുടര്‍ന്ന് നാലു വര്‍ഷക്കാലം ലേ കോര്‍ബൂസിയറുടെഇന്ത്യന്‍ പ്രോജക്റ്റുകളുടെ സൂപ്പര്‍വൈസറായും അദ്ദേഹം ജോലി നോക്കിയിരുന്നു. അസാമാന്യനായ ഒരു വാസ്തുശില്പി എന്നാണ് കോര്‍ബൂസിയര്‍ ഡോ.ദോഷിയെ വിശേഷിപ്പിച്ചത്

ഭാര്യ: കമല ബാലകൃഷ്ണ ദോഷി, മഹാകവി അക്കിത്തത്തിന്‍റെ മകനും പ്രസിദ്ധ ഫൈന്‍ ആര്‍ട്സ് അദ്ധ്യാപകനും ഗവേഷകനുമായ പ്രൊഫ. വാസുദേവന്‍ അക്കിത്തത്തിന്‍റെ ഭാര്യ മനീഷ ദോഷി ബി.വി ദോഷിയുടെ മൂന്നാമത്തെ മകളാണ്. മറ്റു മക്കള്‍: തേജല്‍ ദോഷി,രാധിക ദോഷി കഥ്പാലിയ.

കാലത്തിനും മുമ്പേ നടന്ന ദീര്‍ഘദര്‍ശി: ആര്‍ക്കിടെക്റ്റ് ബി.വി. ദോഷി

നിങ്ങള്‍ക്ക് നാളെ ഇവിടെയൊരു വനം വേണമെങ്കില്‍ നിങ്ങള്‍ ഇന്ന് ഒരു കര്‍ഷകനാകുക

ആര്‍ക്കിടെക്ചറിലെ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന പ്രിറ്റ്സ്കര്‍ ആര്‍ക്കിടെക്ചര്‍ പുരസ്കാരം നേടിയ ആദ്യ ഭാരതീയ വാസ്തുശില്പിയായ ആര്‍ക്കിടെക്റ്റ് ബാലകൃഷ്ണ വിത്തല്‍ദാസ് ദോഷിയുമൊത്ത് അദ്ദേഹത്തിന്‍റെ വസതിയായ കമലാഹൗസില്‍ (അഹമ്മദാബാദ്) 2019 ല്‍ ഒരു സായാഹ്നം ചെലവഴിക്കാനൊത്തത് ടീം ഡിസൈനറിന് ലഭിച്ച ഒരു അപൂര്‍വ്വ ഭാഗ്യാവസരമായിരുന്നു. "ഇന്നും നമ്മള്‍ ഒരു പ്രദേശത്തിന്‍റെ ആര്‍ക്കിടെക്ചറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പഴമയിലേക്കും ചരിത്രത്തിലേക്കും തിരിഞ്ഞു നോക്കുകയാണ്. എന്താണ് കാരണം? സമകാലിക സൃഷ്ടികളില്‍ എടുത്തു പറയത്തക്കതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. സമൂഹത്തോടും പരിസ്ഥിതിയോടും കടപ്പെട്ടിരിക്കുന്ന വാസ്തുകല മാത്രമേ എല്ലാക്കാലത്തും നിലനില്‍ക്കുകയും പ്രസക്തമായി പരിഗണിക്കപ്പെടുകയുമുള്ളൂ എന്നതു കൊണ്ടാണ് നവീന സൃഷ്ടികള്‍ പലതും അവഗണിക്കപ്പെട്ടു പോകുന്നത്" എന്ന് അന്ന് അദ്ദേഹം പറയുകയുണ്ടായി. ഇന്നിന്‍റെ വാസ്തുകലയ്ക്ക് മേല്‍പ്പറഞ്ഞ ഗുണങ്ങളുണ്ടാകണമെങ്കില്‍ എന്തു ചെയ്യാനാകുമെന്ന ഞങ്ങളുടെ ആശങ്കയ്ക്ക് അദ്ദേഹം നല്‍കിയ മറുപടി ഏതൊരാര്‍ക്കിടെക്റ്റിനേയും ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു. "നിങ്ങള്‍ക്ക് നാളെ ഇവിടെയൊരു വനം വേണമെങ്കില്‍ നിങ്ങള്‍ ഇന്ന് ഒരു കര്‍ഷകനാകുക. അതായത്, മാറ്റം മുളയില്‍ നിന്നു തുടങ്ങണം. ഇന്നത്തെ യുവതലമുറയ്ക്ക് കൃത്യമായ ദിശാബോധമില്ലെങ്കില്‍ അവരുടെ അധ്യാപകരെ തന്നെയാണ് ഞാന്‍ കുറ്റം പറയുക. നമ്മുടെ ആര്‍ക്കിടെക്ചര്‍ പഠനരീതിയും പഠിപ്പിക്കുന്ന രീതിയും കുറ്റമറ്റതല്ല. ക്യംപസില്‍ നിന്ന് പഠിച്ചിറങ്ങിയ ഉടന്‍ അധ്യാപനവൃത്തിയില്‍ പ്രവേശിക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. തെറ്റാണത്. സ്വന്തമായി പ്രാക്ടീസ് ചെയ്യാത്ത, പ്രവൃത്തി പരിചയം നേടിയിട്ടില്ലാത്ത ഒരാളും അധ്യാപകനായിരിക്കാന്‍ അര്‍ഹനല്ല എന്നാണ് ഞാന്‍ പറയുക. അവര്‍ വരുംതലമുറയിലേക്ക് കൂടി അവരുടെ അജ്ഞത പങ്കുവച്ചു കൊടുക്കുകയാണ്. നമുക്ക് ഇവിടെ നല്ല വാസ്തുകല ഉണ്ടായിവരണമെങ്കില്‍ പുതിയ ആര്‍ക്കിടെക്ചര്‍ കോളേജുകളല്ല ഉണ്ടാവേണ്ടത്; പുതിയൊരു അധ്യാപനരീതിയാണ്. ആദ്യം പരിശീലനം കൊടുക്കേണ്ടത് ആര്‍ക്കിടെക്ചര്‍ അധ്യാപകര്‍ക്കാണ്; കാരണം അവരിലൂടെയാണ് നാളത്തെ വാസ്തുശില്പി സമൂഹം രൂപം കൊള്ളുന്നത്" എന്നാണ് അദ്ദേഹം പറഞ്ഞത്.

കാലത്തിനും മുമ്പേ നടന്ന ഒരു ദീര്‍ഘദര്‍ശിയായിരുന്നു ആ വാസ്തു കുലപതി എന്ന് തെളിയിക്കാന്‍ പോന്ന വാക്കുകളായിരുന്നു അവ. ഡിസൈനര്‍ പബ്ലിക്കേഷന്‍സിന്‍റെ സ്നേഹോപഹാരങ്ങള്‍ ആദരപൂര്‍വ്വം സമര്‍പ്പിച്ച് കമലാഹൗസില്‍ നിന്ന് അന്ന് മടങ്ങുമ്പോള്‍ ലാളിത്യവും എളിമയുമാണ് വ്യക്തിയേയും വാസ്തുകലയേയും എന്നല്ല, ഏതൊന്നിനെയും മഹത്വപൂര്‍ണ്ണമാക്കുന്നത് എന്നതിന് ഒരു നേരറിവു കൂടിയായി, ഞങ്ങള്‍ക്കാ സന്ദര്‍ശനം. .

ആ മഹദ് വ്യക്തിത്വത്തിനു മുന്നില്‍ ശതകോടി പ്രണാമം.

ടെക്സ്റ്റ്: ഡോ. രമ എസ്. കര്‍ത്ത

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

അനുസ്മരണം 02 -Ar. B V Doshi

Newsletter

Subscribe our latest news/publications.

www.designerpublications.com
my Fovit

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.