Last Updated: July 04, 2023
Architecture / July 04, 2023
'പുനര്‍ജനി'
" നാലു സെന്‍റ് സ്ഥലത്തിന്‍റെ പരിമിതിക്കുള്ളിലും, സ്വാഭാവികവും സൗന്ദര്യാത്മകവുമായ കൂട്ടുകളോടെ ഒരുക്കിയ ഹൃദ്യമായ വീട് "

പുറം കാഴ്ചയിലെ സൗന്ദര്യത്തിനും പകിട്ടിനും അപ്പുറം, ജീവനും ആത്മാവും അനുഭവിപ്പിക്കുന്ന, നിര്‍മ്മിതി-'പുനര്‍ജനി'. സ്വാഭാവികവും പരുക്കനുമായ കൂട്ടുകളും കാലത്തെ അതിജീവിക്കുന്ന ഡിസൈന്‍ ഘടകങ്ങളും ഇവിടെ കൂട്ടിയിണക്കിയിരിക്കുന്നു. നാലു സെന്‍റെന്ന പ്ലോട്ടിന്‍റെ പരിമിതിയെ അപ്രസക്തമാക്കും വിധം ഏറെ മുന്നിലും മൂല്യവത്തായുമാണ് ഈ നിര്‍മ്മിതിയെ അടയാളപ്പെടുത്തേണ്ടത്. കൊച്ചിയുടെ തിരക്കുകള്‍ അത്ര കണ്ട് ബാധിക്കാത്ത എരൂരില്‍ ആണ് ഈ വീട്. അരുണിന്‍റെയും ഹിമയുടെയും ഉടമസ്ഥതയിലുള്ള ഈ വസതി ആര്‍ക്കിടെക്റ്റുകളായ അഖില്‍ ചന്ദ്രന്‍, മിഥുന്‍കുമാര്‍ എം, (സ്ക്വയര്‍ വണ്‍ സ്റ്റുഡിയോ, വാഴക്കുളം, മൂവാറ്റുപുഴ)) എന്നിവര്‍ ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തത്.

വീടു നില്‍ക്കുന്ന നാലു സെന്‍റ് സ്ഥലത്തിന്‍റെ വശങ്ങളിലും ഇതേ മട്ടിലുള്ള പ്ലോട്ടുകള്‍ മാത്രം ആയതിനാല്‍ കാഴ്ചയ്ക്ക് മനോഹരമായ സ്വാഭാവിക ദൃശ്യങ്ങളുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ ചുറ്റുമതില്‍ ഉയര്‍ത്തി കെട്ടി, ഉള്‍ക്കാഴ്ചയെ പരമാവധി മനോഹരമാക്കി കൊണ്ട് ഡിസൈന്‍ ചെയ്യുകയായിരുന്നു. എക്സ്റ്റീരിയറും ഇന്‍റീരിയറും തമ്മില്‍ കൂടുതല്‍ ലയിച്ചു ചേര്‍ന്നിരിക്കാന്‍ ഇതു സഹായിക്കുകയും ചെയ്തു. കൂടാതെ വീടിന്‍റെ ഗ്രൗണ്ട് കവറേജ് കുറച്ചു കൊണ്ട്, അഞ്ച് മീറ്റര്‍ പിന്നിലേക്ക് തളളി നില്‍ക്കുന്ന മട്ടില്‍ സ്ഥാനപ്പെടുത്തിയതോടെ ഗരാഷിനു നല്ല രീതിയില്‍ സ്ഥലം ലഭിച്ചതിനൊപ്പം ഫ്രണ്ട് എലിവേഷന്‍റെ ഭംഗി വ്യക്തമാകുന്ന വിധത്തില്‍ മുന്‍ വശത്ത് സ്ഥലവും ലഭിച്ചു.

"ഇഷ്ടിക, വ്യത്യസ്ത ഡിസൈനിലുള്ള ജാളി പാറ്റേണുകള്‍, പഴയ ഓടിട്ട ചെരിഞ്ഞ മേല്‍ക്കൂര, ഹാഫ് ലൂവറുകളും ഗ്ലാസും ചേര്‍ന്ന ടര്‍ക്കോയിസ് ബ്ലൂ നിറത്തിലുള്ള ഫ്രെയിമുകളോടു കൂടിയ പിവറ്റഡ് വിന്‍ഡോകള്‍, കോണ്‍ക്രീറ്റും ബ്രിക്കും ഇടകലര്‍ന്ന ചുറ്റുമതില്‍, റസ്റ്റിക്ക് ഫിനിഷുള്ള കോര്‍ട്ടന്‍ സ്റ്റീല്‍ ഗേറ്റ് എന്നിവയെല്ലാം ചേര്‍ന്ന ഫ്യൂഷന്‍ രൂപകല്‍പന എക്സ്റ്റീരിയറിനു നല്‍കുന്നത്, സ്വാഭാവികതയുടെ കലര്‍പ്പില്ലാത്ത സൗന്ദര്യമാണ്. "

ഒന്നര ബേയാണ് സ്ട്രക്ചറിന്‍റെ ആകെ വീതി. അതില്‍ ഒരു ബേ, ആവശ്യത്തിനുള്ള ഫങ്ഷണല്‍ ഏരിയകളും അടുത്ത പകുതി അതിനുള്ള സര്‍വ്വീസുകളും സര്‍ക്കുലേഷന്‍ ഏരിയകളുമാണ്. ഇന്‍റീരിയര്‍ സ്പേസുകള്‍ ലംബാകൃതിയുള്ള മേഖലയായി തിരിച്ചു. പബ്ലിക്ക്, സെമി പബ്ലിക്ക്, പ്രൈവറ്റ് ഏരിയകളുടെ ഫങ്ഷണാലിറ്റിക്കും സ്പേസിന്‍റെ ഒഴുക്കിനും അനുസരിച്ചാണ് വെര്‍ട്ടിക്കല്‍ മട്ടില്‍ സോണ്‍ നിര്‍ണയിച്ചത്. ഉചിതമായ മെറ്റീരിയല്‍ കൂട്ടുകളും പച്ചപ്പും, വെളിച്ചവും വായു സഞ്ചാരവും എല്ലാം ഉറപ്പാക്കുന്ന സമഗ്രമായ ഒരു രൂപകല്‍പനയാണ് കാണാനാകുന്നത്. ഇവിടുത്തെ ശ്രദ്ധേയമായ സ്പേസുകളിലൊന്ന് കോര്‍ട്ട്യാര്‍ഡാണ്. വയര്‍കട്ട് നുവോകോട്ടോ ബ്രിക്ക് ജാളികളാണ് കോര്‍ട്ട്യാര്‍ഡിന്‍റെ റൂഫിലും ഭിത്തിയിലുമെല്ലാം നല്‍കിയത്. തെര്‍മല്‍ ഇന്‍സുലേഷന്‍ സാധ്യമാക്കുന്ന ഇത്ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. പരസ്പരം ചേര്‍ന്നു കിടക്കുന്ന ക്രോസ് വെന്‍റിലേറ്റഡ് ഏരിയകള്‍, ഉയര്‍ന്നു താഴ്ന്നുമുള്ള സ്പേസ് വിന്യാസം, കോര്‍ട്ട്യാര്‍ഡിലേക്ക് നോട്ടമെത്തുന്ന മറ്റ് ഏരിയകള്‍ എന്നിവയെല്ലാം ഇടങ്ങളുടെ ലയനത്തെ സ്വാഭാവികമാക്കുന്നു. ഫസ്റ്റ് ഫ്ളോറിലെ ലീനിയര്‍ ലോഞ്ച് കം ബ്രിഡ്ജ്, രണ്ടു ബെഡ്റൂമുകളിലേക്ക് ബന്ധിക്കപ്പെട്ട് കിടക്കുന്നു. മണ്‍ചട്ടി കൊണ്ട് ഫില്ലര്‍ സ്ലാബ് ചെയ്ത സീലിങ് ഏരിയയും ഇന്‍റീരിയറില്‍ ചൂട് കുറയാന്‍ കാരണമായി. വടക്കു വശത്തെയും തെക്ക് വശത്തെയും ചുറ്റുമതില്‍ ഭിത്തികള്‍ സൂര്യപ്രകാശം അകത്തേക്ക് വരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഒപ്പം, ചുറ്റുപാടിനും മെയിന്‍ സ്ട്രക്ചറിനും ഇടയില്‍ ഒരു ബഫര്‍സോണ്‍ പോലെയും പ്രവര്‍ത്തിക്കുന്നു. ലളിതവും സുതാര്യവുമായൊരു പ്ലാനാണ് ഇവിടെ നടപ്പാക്കിയത്. പരിമിതമായ ഫ്ളോര്‍ സ്പേസില്‍ അത് അദ്ഭുതം ചെയ്തു. ആശയവിനിമയത്തിനും കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള നിമിഷങ്ങള്‍ക്കും കൂടുതല്‍ അവസരകളുണ്ടായി. വെറും നാലു സെന്‍റ് സ്ഥലത്ത് ഒരുക്കിയ ഈ വീട് ഒരു മാതൃകയാണ്. സൗന്ദര്യവും സൗകര്യങ്ങളും സ്വാസ്ഥ്യവും ഏങ്ങനെ ഒരു പാര്‍പ്പിടത്തില്‍ ഏകോപിപ്പിക്കാം എന്നതിന്. കലാപരമായ ഭംഗിക്കൊപ്പം കാലാതീതമായ രൂപകല്‍പ്പനാ മികവ് 'പുനര്‍ജനി' യെന്ന ഈ പാര്‍പ്പിടത്തിന്‍റെ പേരിനെ കൂടുതല്‍ അര്‍ത്ഥ പൂര്‍ണമാക്കുന്നു.

Client / Owner :Arun & Family

ലൊക്കേഷന്‍ / Location: Eroor, Ernakulam

Architect :Ar. Akhil Chandran & Ar. Midhunkumar M

Address : SO studio, Vazhakkulamm, muvattupuzha.

ഏരിയ / Area:2400 Sq. Ft.

പ്ലോട്ട് / Plot: 4 Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
QUEO

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.