Last Updated: October 10, 2023
Residential Architecture / October 10, 2023
മേല്‍ക്കൂരയാണ് താരം
" പരമ്പരാഗത വാസ്തുകലയും ആധുനിക വാസ്തുകലയും സമം ചേരുന്ന സുന്ദര ജ്യാമിതി"

പരമ്പരാഗത വാസ്തുകലയും ആധുനിക വാസ്തുകലയും സമം ചേരുന്ന സുന്ദര ജ്യാമിതിയാണ് മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ഈ വീട്. ആര്‍ക്കിടെക്റ്റ് ദിവിന്‍ പി., എഞ്ചിനീയര്‍ അഹമ്മദ് ഫായിസ് (ഹണികോമ്പ് ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട്) എന്നിവരാണ് അനില്‍ കുമാറിനും കുടുംബത്തിനും വേണ്ടി സുസ്ഥിരതയിലൂന്നി ഈ വീടൊരുക്കിയത്. വശങ്ങള്‍ കൂര്‍ത്തിരിക്കുന്ന മേല്‍ക്കൂര ഒറ്റനോട്ടത്തില്‍ തന്നെ കണ്ണിലുടക്കും. ചെങ്കല്ലിന്‍റെ ചാരുതയ്ക്കൊപ്പം വൈറ്റ്, ഗ്രേ നിറങ്ങളും ഗ്ലാസും ഇഴ ചേരുമ്പോള്‍ ഈ വീടിന്‍റെ എലിവേഷന്‍ അപൂര്‍വ്വ സുന്ദരമായി തീരുന്നു. പടിഞ്ഞാറോട്ട് ദര്‍ശനമായി ഒരു ക്കിയ ഈ സമകാലിക നിര്‍മ്മിതിയെ തീക്ഷ്ണമായ വെയിലില്‍ നിന്ന് സംരക്ഷിക്കാനും അകത്തളത്തില്‍ വായുസഞ്ചാരം ഉറപ്പാക്കാനും വേണ്ടിയാണ് ചെങ്കല്ല് കൊണ്ട് കെട്ടിയ ഭിത്തിയും വശങ്ങള്‍ കൂര്‍പ്പിച്ച ചെരിഞ്ഞ മേല്‍ക്കൂരയും എലിവേഷന്‍റെ ഭാഗമാക്കിയത്. തെങ്ങും മാവും പ്ലാവും കൊണ്ട് സമൃദ്ധമായ പതിനഞ്ച് സെന്‍റ് പ്ലോട്ടിലാണ് 2984 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വീടിരിക്കുന്നത്. വിശാലമായ തുറസ്സുകളും ഇന്‍റീരിയര്‍ കോര്‍ട്ട്യാര്‍ഡുകളും വീടിനകവും പുറവും തമ്മിലുള്ള അതിര്‍വരമ്പ് അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നുണ്ട്.

നീലച്ചായമടിച്ച് ഹൈലൈറ്റ് ചെയ്ത സെമി ഓപ്പണ്‍ ഭിത്തിയാണ് നേര്‍രേഖയില്‍ സ്ഥാനപ്പെടുത്തിയ ലിവിങ് ഡൈനിങ് ഏരിയകളെ തമ്മില്‍ വേര്‍തിരിക്കുന്നത്

സൂര്യന്‍റെ സഞ്ചാരപാതയും പ്രകാശലഭ്യതയും കൂടി പരിഗണിച്ച് പൊതുഇടങ്ങള്‍ വീടിന്‍റെ വടക്കു വശത്തും കിടപ്പുമുറികള്‍ തെക്കു വശത്തുമാണ് ക്രമീകരിച്ചത്. തടി ഊഞ്ഞാല്‍ ഉള്‍പ്പെടുത്തിയ പാഷ്യോ പൂമുഖത്തിന്‍റെ ഭാഗമാണ്. പൂമുഖത്ത് നിന്ന് സീലിങ്ങില്‍ ടെറാക്കോട്ട ജാളികള്‍ ഉള്‍പ്പെടുത്തി റസ്റ്റിക്ക് ശൈലിയില്‍ ഒരുക്കിയ ഫോയറിലേക്കും അവിടെ നിന്ന് വിശാലമായ ലിവിങ്ങിലേക്കും കടക്കാം. ഫോയറിന്‍റെ ഭാഗമായ വുഡ് മെറ്റല്‍ കോമ്പിനേഷനിലുള്ള കോണ്‍ക്രീറ്റ് ഗോവണി അക്ഷരാര്‍ത്ഥത്തില്‍ ഡിസൈന്‍ എലമെന്‍റായി മാറുന്നുണ്ട്. ബാഹ്യപ്രകൃതിയെ അകത്തേക്കാവാഹിച്ച് അകത്തളാന്തരീക്ഷം ഊഷ്മളമാക്കുന്ന കോര്‍ട്ട്യാര്‍ഡും സ്റ്റെയര്‍ ഏരിയയുടെ ഭാഗമാണ്. ലിവിങ് ഡൈനിങ് ഏരിയകള്‍ നേര്‍രേഖയിലാണ് ക്രമീകരിച്ചത്. മറ്റിടങ്ങളേക്കാള്‍ 15 സെന്‍റിമീറ്റര്‍ ഉയരത്തിലാണ് ലിവിങ് ഏരിയയും പ്രെയര്‍ റൂമും സ്ഥാനപ്പെടുത്തിയിരിക്കുന്നത്. പഴയ വീടുകളുടെ മച്ചിനെ അനുസ്മരിപ്പിക്കുന്ന വുഡന്‍ സീലിങാണ് ലിവിങ്ങിലുള്ളത്.

ഉപയുക്തതയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഈ വീടിന്‍റെ ഓരോ കോണും ഒരുക്കിയിരിക്കുന്നത്

വീട്ടകത്ത് മികച്ച വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഡൈനിങ് ഏരിയ ഡബിള്‍ ഹൈറ്റിലാക്കിയത്. ഉപയുക്തതയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഈ വീടിന്‍റെ ഓരോ കോണും ഒരുക്കിയിരിക്കുന്നത്. അടുക്കളയെയും ഡൈനിങ്ങിനെയും വേര്‍തിരിക്കുന്ന ചുമരിലെ തുറസ്സ് സര്‍വീസ് കൗണ്ടര്‍ എന്നതിലുപരി രണ്ടിടങ്ങളിലേക്കും പരസ്പരം നോട്ടമെത്തുന്നതിനും സഹായകരമാകുന്നുണ്ട്. മികച്ച വായുസഞ്ചാരവും സ്വകാര്യതയും ഉറപ്പാക്കിയാണ് കിടപ്പുമുറികള്‍ ക്രമീകരിച്ചത്.

ഉപയോക്താക്കളുടെ അഭിരുചിക്കൊത്തുള്ള ഒരുക്കങ്ങളാണ് അലങ്കാരവേലകളുടെ അതിപ്രസരമില്ലാത്ത കിടപ്പുമുറികളിലെല്ലാമുള്ളത്. വിശാലമായ അപ്പര്‍ ലിവിങ്ങും രണ്ട് കിടപ്പ് മുറികളുമാണ് മുകള്‍ നിലയിലുള്ളത്. റീഡിങ് കോര്‍ണറായി കൂടി പ്രയോജനപ്പെടുത്തുന്ന അപ്പര്‍ ലിവിങ്ങിലാണ് കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം ചെലവിടുന്നത്. എക്സ്പോസ്ഡ് ടെറാക്കോട്ട ടൈലുകളും സീലിങ്ങിലെ സിമന്‍റ് ഷീറ്റുകളും തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറും മുകള്‍ നിലയിലെ കിടപ്പുമുറികളുടെ ആംപിയന്‍സ് ഇരട്ടിപ്പിക്കുന്നുണ്ട്. വീടിന്‍റെ പരിസരത്തുള്ള ഹരിതാഭ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ബാല്‍ക്കണിയും മുകള്‍ നിലയുടെ ഭാഗമാണ്.

"മിതത്വത്തിലൂന്നി ഒരുക്കിയ അകത്തളത്തിലെ ചുമരുകളിലും ആക്സസറികളിലും ടര്‍ക്വിസ് നിറത്തിനും ആ നിറത്തിന്‍റെ വകഭേദങ്ങള്‍ക്കുമാണ് പ്രാമുഖ്യം"

മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് അടുക്കളയുള്‍പ്പെടെ എല്ലായിടത്തും നിലമൊരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. റോഡ് ലെവലില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന ചെരിഞ്ഞ മേല്‍ക്കൂരയുള്ള ഈ ഇരുനില വീട് മഴയും വെയിലും മാറി മാറി വരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്.

Client / Owner : അനില്‍ കുമാറും കുടുംബവും (Anil Kumar & Family)

Architect :Ar. Divin P & Er. Ahammed Faiz

Address : Honeycomb Architects Calicut

ലൊക്കേഷന്‍ / Location: Vengara, Malappuram

ഏരിയ / Area:2984 Sq. Ft.

പ്ലോട്ട് / Plot: 15 Cents

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.