Last Updated: December 10, 2023
Residential Architecture / December 10, 2023
റിസോര്‍ട്ടിനെ വെല്ലും വസതി
"ആദ്യ നിലയില്‍ പ്രധാന സ്പേസുകളെല്ലാം കൈകോര്‍ക്കുന്ന, സൗന്ദര്യവും സൗകര്യവും സംഗമിക്കുന്ന, റിസോര്‍ട്ടു പോലെ ആസ്വാദ്യകരമായ വീട്"

ഒറ്റനോട്ടത്തില്‍ അളക്കാനാവില്ല, ഈ വസതിയുടെ രൂപഭംഗി. ഒറ്റക്കാഴ്ചയില്‍ മതിക്കാനുമാവില്ല ഈ ഡിസൈന്‍ മൂല്യത്തെ. ഒരു റിസോര്‍ട്ടു പോലെ ആസ്വാ ദ്യകരമായ സ്പേസുകളും അത്ര തന്നെ ഹൃദ്യമായ ചുറ്റുപാടും ലയിക്കുമ്പോള്‍, പ്രശാന്തിയും പരിഷ്കൃത ഗുണങ്ങളും സന്തുലിതമായിരിക്കുന്ന അന്തരീക്ഷ സൃഷ്ടിയാ ണ് ഇവിടെ സാധ്യമാക്കിയിരിക്കുന്നത്. ലാന്‍ഡ്സ്കേപ്പും വീട്ടിടങ്ങളും കാഴ് ചയ്ക്കനുസരിച്ച്, വികസിച്ചു മിഴിവാര്‍ന്നതാകുന്നു, നമുക്കു മുന്നില്‍. വീടിന്‍റെ രൂപകല്‍പനയ്ക്ക് നല്‍കിയ അതേ പ്രധാന്യത്തോടെ തന്നെ സൃഷ്ടിച്ച ലാന്‍ ഡ്സ്കേപ്പ് എന്ന നിര്‍മ്മിത പ്രകൃതി, ഈ വസതിയുടെ ഭംഗിയേറ്റുന്നു. ലാന്‍ഡ്സ്കേപ്പും വീടും പരസ്പര പൂരകമാകുന്നു ഇവിടെ.

ഒരു ട്രോപ്പിക്കല്‍ മോഡേണ്‍ ഭവനത്തിന്‍റെ മനോഹാരിത എങ്ങനെയായിരിക്കണമെന്ന് വിളംബരം ചെയ്യുന്ന എക്സ്റ്റീരിയറാണിവിടെ. എല്ലാം ദിശകളില്‍ നിന്നും ഈ വീടിന്‍റെ ആകൃതി മികച്ചതാണ്, കാഴ്ചയില്‍ സുന്ദരവും. ഗ്രേ നിറത്തിലുള്ള ഓടു പതിച്ച ചെരിഞ്ഞ റൂഫുകള്‍ ചേരുന്ന ഒന്നിലേറെ സ്പേസുകള്‍ ഏകോപിപ്പിച്ച പോലെയാണ്, വീടിന്‍റെ പൊതുവെയുളള കാഴ്ച. ഒറ്റ ലെവലിലെ ഡബിള്‍ ഹൈറ്റ് സ്പേസുകളും, രണ്ടു ലെവലുള്ള ഇടങ്ങളും ഇടകലര്‍ന്നതിനാല്‍ ഉയര വ്യത്യാസമുള്ള മട്ടിലാണ് സ്ട്രക്ചര്‍ വരുന്നത്. ക്ലേ ഓടുകള്‍ ഇറക്കുമതി ചെയ്തതാണ്. ട്രസ് വര്‍ക്ക് ചെയ്ത ഓടിട്ട ഭാഗങ്ങള്‍ക്ക് സീലിങ് ഓടുകള്‍ നല്‍കിയിട്ടുണ്ട്.

ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് (ശില്‍പ്പി ആര്‍ക്കിടെക്റ്റ്സ്, എറണാകുളം) രൂപകല്‍പന ചെയ്ത ഈ വീട്, ആലപ്പുഴ ജില്ലയിലെ കായംകുളത്താണ്. സുധീപ് തോമസ് നൈനാന്‍ കാട്ടൂരും കുടുംബവുമാണ് ഉടമസ്ഥര്‍. ബഹുമുഖ ഭംഗി നിറയുന്നൊരു പരിസര ക്രമീകരണമാണിവിടെ. പച്ചപ്പ് ഏറിയും കുറഞ്ഞും കാണാം. പുല്‍ത്തകിടിയുടെ ശാന്തമായ കാഴ്ചയും തഴച്ചു വളര്‍ന്ന പച്ചപ്പും ഒരു പോലെ ആസ്വദിക്കാം. നേരത്തെയുണ്ടായിരുന്ന തെങ്ങുകള്‍ മുറ്റത്ത് നാട്ടു സമൃദ്ധി വിളിച്ചോതുന്നു. കാര്‍ പോര്‍ച്ചില്‍ നിന്ന് പിന്നിലേക്ക് പല സോണുകളായാണ് സ്പേസുകള്‍ വികസിക്കുന്നത്. കൂടാരങ്ങള്‍ പോലെ പല ഇടങ്ങള്‍ കൈകോര്‍ക്കുന്നു. കാര്‍ പോര്‍ച്ച്, വരാന്ത, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ലോഫ്റ്റ് സ്പേസ്, കോര്‍ട്ട്യാര്‍ഡ്, ഡൈനിങ്, എക്സ്റ്റന്‍ഡഡ് ഡൈനിങ്, ബാത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍, പാഷ്യോ, കിച്ചന്‍, വര്‍ക്കേരിയ എന്നിവയാണ് സ്പേസുകള്‍. പ്രധാന സ്പേസുകളെല്ലാം ഗ്രൗണ്ട് ഫ്ളോറില്‍ തന്നെയാണുള്ളത്. അതിനാല്‍ തന്നെ, ഇടങ്ങളെല്ലാം പരമാവധി പരസ്പര ബന്ധിതവുമാണ്. ക്ലേ ഓടു പതിച്ച റൂഫുകള്‍ക്കു താഴെ സീലിങ് ഓടുകള്‍ നല്‍കിയും ഫ്ളാറ്റ് ഏരിയകളില്‍ സീലിങ് വര്‍ക്ക് ചെയ്തുമാണ് മുകള്‍ ഭാഗം മനോഹരമാക്കിയത്.

"വിശാലവും പ്രസന്നവുമായ ഇടങ്ങള്‍ ഓപ്പണ്‍ മട്ടില്‍ ഇണക്കിയിരിക്കുന്നു "

ലാന്‍ഡ്സ്കേപ്പിനു പുറമേ, സമയം ചെലവഴിക്കാവുന്ന മികച്ച ഇടങ്ങളാണ് വരാന്തയും പാസേജും പാഷ്യോയും എക്സ്റ്റന്‍ഡഡ് ഡൈനിങ്ങുമെല്ലാം. അതു പോലെ കോമണ്‍ ഏരിയകളെല്ലാം ഇടതു വശത്തെ വരാന്തയിലേക്കും പാസേജിലേക്കും ബന്ധിപ്പിക്കാന്‍ ശ്രദ്ധിച്ചു. പൊതുവെ ഗ്രേ - വൈറ്റ് നിറങ്ങള്‍ക്കാണ് മേധാവിത്വമെങ്കിലും, സോഫ്റ്റ് ഫര്‍ണിഷിങ്ങില്‍ നിറങ്ങളുടെ കോണ്‍ട്രാസ്റ്റ് വരുന്നുണ്ട്. പേസ്റ്റല്‍ നിറങ്ങള്‍ക്കും വുഡന്‍ കോമ്പിനേഷനും തന്നെയാണ് ഇന്‍റീരിയര്‍ ഒരുക്കങ്ങളില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രധാന തടിപ്പണികള്‍ക്കെല്ലാം ടീക്ക് വുഡ് ഉപയോഗിച്ചു. ഫ്ളൂട്ടഡ് പാനലിങ്ങുകള്‍ സീലിങ് ഏരിയകളിലും വാളിലും നിലവാരമുള്ള ഹൈലൈറ്റാകുന്നു. ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈല്‍, വുഡന്‍ ടെക്സ്ചര്‍ ടൈല്‍, സോളിഡ് വുഡ് എന്നിവയാണ് ഫ്ളോറിങ്ങൊരുക്കാന്‍ തെരഞ്ഞെടുത്തത്.

വിന്‍ഡോകള്‍, സ്ലൈഡിങ് ഗ്ലാസ് ഏരിയകള്‍, സ്കൈലിറ്റ് ഏരിയകള്‍ എന്നിവയെല്ലാം നാച്വറല്‍ ലൈറ്റിന്‍റെ സമൃദ്ധി തന്നെ ഉറപ്പാക്കുന്നു. കാറ്റിന്‍റെ ദിശക്കനുസരിച്ച് ഒരുക്കിയ വിന്‍ഡോകളും ഓപ്പണിങ് പോയിന്‍റുകളും സുഗമമായ വായു സഞ്ചാരവും സാധ്യമാക്കുന്നു. ഫോട്ടോ ഫ്രെയിമുകളും മോഡേണ്‍ - വിന്‍റേജ് പാറ്റേണുകളിലുള്ള ലൈറ്റിങും ടെക്സ്ചര്‍ ഉള്‍പ്പെടെയുള്ള വാള്‍ ഹൈലൈറ്റുകളും ക്യൂരിയോസുമെല്ലാം ഡെക്കോറുകളുടെ മികച്ച ക്രമീകരണമാകുന്നു.

"സുതാര്യവും വിശാലവുമാണ് ഇവിടം. ഡബിള്‍ ഹൈറ്റ് ഏരിയ കൂടിയാണിത്. സിംഗിള്‍-ഫ്ളോറല്‍ നിറങ്ങളുടെ കോമ്പിനേഷനിലാണ്, ലോഞ്ചര്‍ സോഫ കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. പാസേജുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ട്രാന്‍സിഷന്‍ തോന്നാന്‍ ഗ്രേ നിറത്തിലുള്ള ടൈലാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. തേക്ക് തടി കൊണ്ട് കസ്റ്റമൈസ് ചെയ്തതാണ് ടി വി യൂണിറ്റ്. ഫോട്ടോ ഫ്രെയിമുകള്‍, സെറാമിക് പോട്ടുകള്‍, ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, ക്ലസ്റ്റര്‍ ഹാങ്ങിങ് ലൈറ്റുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്."

സോളാര്‍ സംവിധാനം ഉള്‍പ്പെടെ നല്‍കി മാതൃകാപരമായ ഊര്‍ജ്ജ വിനിയോഗവും നടപ്പാക്കി. മികച്ച ഡിസൈനിലൂടെ സ്വാഭാ വികമായി തന്നെ രൂപപ്പെട്ട സൗന്ദര്യവും സൗകര്യവും ഇവിടെ ദര്‍ശിക്കാനാകും. ആനന്ദിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതുമായ അന്തരീക്ഷത്തിനു വേണ്ടി മറ്റെവിടെയും പോകേണ്ട. ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും വീട്ടുകാര്‍ക്കും ഇവിടെയെത്തുന്നവര്‍ക്കും സ്വാസ്ഥ്യം പകരും, മനസു നിറയ്ക്കും.

Client / Owner : Sudeep Thomas Ninan Kattoor & Family

Architect :Ar. Sebastian Jose(ആര്‍ക്കിടെക്റ്റ് സൊസ്റ്റ്യന്‍ ജോസ്)

Address : Silpi Architects, Thevara, Kochi

ലൊക്കേഷന്‍ / Location: Kayamkulam

ഏരിയ / Area:4895. 5 Sq. Ft.

പ്ലോട്ട് / Plot: 77.77 Cents

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.